കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ മലയാളികള്‍ക്കിടയില്‍ ഇപ്പോള്‍ ഹിറ്റ് ഐറ്റമാണ് ‘നമ്മളെ തൈര് മുളത് തൊണ്ടാട്ടം’ സോങ്. പ്രമുഖ ടെലിവിഷന്‍ താരങ്ങളടക്കം നിരവധി പേരാണ് ‘നമ്മളെ തൈര് മുളത് തൊണ്ടാട്ടം’ സോങ്ങിന് ഒത്തു സ്റ്റെപ് വച്ച വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ വൈറലായ ഈ വീഡിയോയുടെ യാഥാര്‍ത്ഥ ഉടമ അഞ്ച് വയസുകാരനായ ദര്ശന് പ്രശാന്താണ്. തന്റെ അച്ഛന്റെ പുതിയ ബിസിനസ്സിന്റെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് ദര്ശന് പ്രശാന്ത് ഈ വീഡിയോ ചെയ്തത്. അഞ്ച് വയസുകാരന്റെ കുട്ടിത്തവും അക്ഷരങ്ങള്‍ ശരിയായി ഉച്ചരിക്കാന്‍ പഠിച്ച് വരുന്ന ദര്‍ശന്റെ വാക്കുകള്‍ കൂടിയായപ്പോള്‍ മാര്‍ക്കറ്റിംഗ് വീഡിയോ വേറെ ലെവല്‍ ആയി.
പിന്നീട് യുവ ഗാനരചയിതാവും ഗായകനുമായ അശ്വിന് ഭാസ്കര്‍ ദര്‍ശന്റെ വീഡിയോ റീമിക്സ് ചെയ്ത് പാട്ടാക്കിയതോടെ ദര്‍ശനും തൈര് മുളത് തൊണ്ടാട്ടവും കയറിയങ്ങ് ഹിറ്റായി. ദര്ശന് പ്രശാന്തിന്റെ പേരിലുള്ള യൂട്യൂബ് ചാനലില്‍ കഴിഞ്ഞ മാസം 30നാണ് 51 സെക്കന്റ് മാത്രമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
‘നമസ്കാരം തൂത്തുക്കളെ, ഞാന്‍ ദര്ശന് പ്രശാന്ത്. ഞാന്‍ പുതിയ പ്രൊഡക്ടിനെ പരിചയപ്പെടുത്തുകയാണ്. നമ്മളെ വിനാനിരി ഒട്ടും ചേര്‍ക്കാത്ത തൈര് മുളത് തൊണ്ടാട്ടം”- ഇങ്ങിനെ പരിചയപ്പെടുത്തികൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. നിമിഷങ്ങള്ക്കൊണ്ടാണെങ്കിലും കൊണ്ടാട്ടം ഉണ്ടാക്കുന്ന രീതി വിശദമായി തന്നെ ദര്ശന് അവതരിപ്പിക്കുന്നുണ്ട്.
വാക്കുകളുടെ ഉച്ചാരണം കൃത്യമല്ലാത്തതുകൊണ്ട് വിനാഗിരിക്ക് ‘വിനാനിരി’ യെന്നും മുളകിന് ‘മുളത്’ എന്നും കൊണ്ടാട്ടത്തിന് ‘തൊണ്ടാട്ടം’ എന്നും സുഹൃത്തുക്കളെ ‘തുത്തൂക്കളെ’ എന്നുമൊക്കെയാണ് കുഞ്ഞു ദര്‍ശന്റെ വാക്കുകളില്‍ വരുന്നത്.
പ്രവാസിയായിരുന്ന പിതാവ് കൊറോണ മൂലം ജോലി നഷ്ടപ്പെട്ട് നാട്ടില്‍ എത്തിയാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്ന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ദര്ശന് പറയുന്നു. ജഗന് ഫുഡ് പ്രോഡക്ട് എന്ന ജൈവഭക്ഷണ കമ്പനിക്ക് ഇപ്പോള്‍ മകന്റെ മാര്‍ക്കറ്റിംഗ് വീഡിയോ വഴി നല്ല പ്രചാരണം ലഭിച്ചെന്ന് പിതാവ് ജഗന് പ്രശാന്തും പറയുന്നു.