അഞ്ജലി സൂദ് ; ഇന്ത്യൻ പെൺകരുത്തിൽ യൂടൂബിന് ബദലായി വിമിയോ കുതിക്കുന്നു

വാഷിംഗ്ടൺ: ഇത് അഞ്ജലി സൂദ്. വിമിയോ എന്ന നാസ്ദാക്കിൽ ലിസ്റ്റ് ചെയ്ത ഏഴ് ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ടെക് കമ്പനിയുടെ സിഇഒ. വർഷങ്ങൾക്ക് മുമ്പ് പഞ്ചാബിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ദമ്പതിമാർക്ക് പിറന്നവൾ. പ്രതിസന്ധികളിൽ പതറി ജീവൻ ഹോമിക്കുന്ന സ്ത്രീകൾക്ക് പ്രതീക്ഷയും കരുത്തും നൽകുന്ന ധീരവനിത.

ഓൺലൈനിൽ വീഡിയോ ഹോസ്റ്റ് ചെയ്യാനും ഷെയർ ചെയ്യാനും സഹായിക്കുന്ന യൂടൂബിന് ബദലായ വിമിയോയ്ക്ക് ഇന്ന് ലോകത്ത് 20 കോടി ഉപഭോക്താക്കളുണ്ട്. 16 ലക്ഷം വരിക്കാരുണ്ട്. വിമിയോയെ ഗൂഗിളിൻ്റെ യൂടൂബിനോട് മത്സരിക്കാൻ പാകപ്പെടുത്തുന്നത് ഇന്ത്യൻ വേരുകളുള്ള ഈ 37 കാരിയാണ്. കലാലയ തമാശകൾ പങ്കുവെയ്ക്കാനായി 2004ൽ സാക് ക്ലീനും ജെയ്ക് ലോഡ് വിക്കും തുടങ്ങിയ ഒരു വീഡിയോ സൈറ്റിനെ സമ്പൂർണ്ണ സാസ്
( Saas – software as service ) പ്ളാറ്റ്ഫോമാക്കി മാറ്റിയതിൻ്റെ ക്രഡിറ്റ് അഞ്ജലിക്കു തന്നെ.

2017 ലാണ് അഞ്ജലി വിമിയോയിൽ എത്തുന്നത്. അതിനു മുമ്പ് ടൈം വാർനറിലും ആമസോണിലും പ്രവർത്തിച്ചു. വാർട്ടൻ സ്ക്കൂളിൽ നിന്ന് ഫിനാൻസിൽ ബിരുദം നേടിയ ശേഷം ഹാർവാഡിൽ നിന്ന് എംബിഎ എടുത്തു. വിമിയോയിൽ ഹെഡ് ഓഫ് ഗ്ളോബൽ മാർക്കറ്റിങ് ആയാണ് തുടക്കം. പിന്നെ ജനറൽ മാനേജരായി. ഒടുവിൽ 2017ൽ സിഇഒയും.

ലൈവ് സ്ട്രീമിനെയും മജിസ്റ്റോയെയും എല്ലാം വിമിയോ ഏറ്റെടുക്കുന്നത് അഞ്ജലിയുടെ ബുദ്ധിയാണ്. ഇംഗ്ളീഷിനു പുറമെ സ്പാനിഷ്, ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് , പോർച്ചുഗീസ്, കൊറിയൻ ഭാഷകളിലും വിമിയോ ഇന്ന് ലഭ്യമാവുന്നു. ഈ നേട്ടങ്ങളുടെ എല്ലാം പിൻബലത്തിൽ വേൾഡ് എക്കണോമിക് ഫോറം അഞ്ജലിയെ യങ് ഗ്ളോബൽ ലീഡറായി തിരഞ്ഞെടുത്തു.

40 വയസ്സിൽ താഴെയുള്ള ഉയർന്നു വരുന്ന ആഗോള സംരംഭകരുടെ ഫോർച്യൂൺ പട്ടികയിൽ 2018ൽ തന്നെ അഞ്ജലി ഇടം നേടി. ആദ്യം കഴിവിനനുസരിച്ച് ഒരു തൊഴിൽ. സാമ്പത്തിക സ്വയംപര്യാപ്തത ആർജ്ജിച്ച ശേഷം വിവാഹം ഇതായിരുന്നു അഞ്ജലിയുടെ തീരുമാനം. സ്ത്രീ തന്നെ ധനം. സ്ത്രീധനമില്ല. പിന്നെ അഞ്ജലിക്ക് കൂട്ടുകാരനെ കിട്ടി, മാറ്റ് ഹാരിസൺ. മകനായി, സാവൻ. കരിയറും കുടുംബവും ആണിന് ഇല്ലാത്തത് പെണ്ണിന് ഉണ്ടല്ലോ. മൾട്ടി ടാസ്കിങ്.