തിരുവനന്തപുരം: കൊറോണക്കാലത്ത് ജനത്തെ കൊള്ളയടിച്ച് പെട്രോൾ വില കേരളത്തിലും നൂറു കടന്നു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് പെട്രോളിന് വില നൂറു കടന്നത്. ലീറ്ററിന് 100.04 രൂപയാണ് ഇന്നത്തെ വില. 132 ദിവസങ്ങൾ കൊണ്ടാണ് 90ൽനിന്ന് നൂറിലേക്കുള്ള കുതിപ്പ്. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്നു കൂട്ടിയത്.
അതേസമയം, തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 99.8 രൂപയാണ് വില. കൊച്ചിയിൽ 97.98 രൂപയുംഡീസലിന് 93.10 രൂപയും.
കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്നശേഷം മേയ് 4 മുതൽ പെട്രോൾ– ഡീസൽ വിലയിൽ തുടർച്ചയായ വർധനയാണുണ്ടാകുന്നത്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണ വില കൂടി. പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13 രൂപയുമാണ് ഇക്കാലയളവിൽ കൂടിയത്. കേരളത്തിൽ പ്രീമിയം പെട്രോൾ വില ഈ മാസം എട്ടിനുതന്നെ നൂറു കടന്നിരുന്നു.
രാജ്യത്ത് ആദ്യമായി പെട്രോൾവില നൂറു കടന്ന രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഈമാസം 12നു ഡീസൽവിലയും 100 രൂപ കടന്നിരുന്നു.