ഇന്ത്യയിൽ നിന്നുള്ള സ്വിസ്​ ബാങ്കിലെ നിക്ഷേപം കുതിച്ചുയരുന്നു

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള വ്യക്​തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ്​ ബാങ്കിലെ നിക്ഷേപം കുതിച്ചുയരുന്നു. 2020ൽ നിക്ഷേപത്തിൽ വൻ വർധനയാണ്​ ഉണ്ടായത്​. ഏകദേശം 20,700 കോടി രൂപ ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​. സ്വിസ്​ ബാങ്കി​ൻ്റെ ഇന്ത്യയിലെ ശാഖകളിലൂടെയും വലിയ രീതിയിൽ നിക്ഷേപം നടന്നിട്ടുണ്ട്​.

2019ൽ 6,625 കോടിയുണ്ടായിരുന്ന നിക്ഷേപമാണ്​ വലിയ രീതിയിൽ വർധിച്ചിരിക്കുന്നത്​. 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണ്​ സ്വിസ്​ ബാങ്കിൽ ഇന്ത്യക്കാരുടേതായി ഉണ്ടായിരിക്കുന്നത്​. 2006ലായിരുന്നു ഇന്ത്യക്കാരുടേതായി സ്വിസ്​ ബാങ്കിൽ ഏറ്റവും കൂടുതൽ നിക്ഷേപമുണ്ടായിരുന്നത്​. പിന്നീട്​ ഇതിൽ ക്രമാനുഗതമായ കുറവ്​ രേഖപ്പെടുത്തുകയായിരുന്നു.

നേരിട്ടുള്ള നിക്ഷേപത്തിന്​ പുറമേ ബോണ്ടുകളിലൂടെയും സെക്യൂരിറ്റികളിലൂടെയും ഇന്ത്യൻ പൗരൻമാർ സ്വിസ്​ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്​. അതേസമയം, ഇന്ത്യക്കാർ സ്വിസ്​ബാങ്കിൽ നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിൻ്റെ പൂർണമായ കണക്കുകൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ്​ സൂചന.