ന്യൂഡെൽഹി: കൊറോണ വാക്സിൻ ദീർഘകാലത്തേക്ക് ഫലം ചെയ്യണമെങ്കിൽ ബൂസ്റ്റർ ഡോസ് വേണമെന്ന് വിദഗ്ദ പഠനം. ഇന്ത്യയിലും യു.എസിലും മറ്റ് ചില യുറോപ്യൻ രാജ്യങ്ങളിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിലവിൽ രണ്ട് ഡോസ് വാക്സിനാണ് ജനങ്ങൾക്ക് നൽകുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വൈകാതെ ലഭിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ബൂസ്റ്റർ ഡോസിൽ അന്തിമ തീരുമാനമെടുക്കുമെന്ന് വിദഗ്ദർ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചിട്ട് അഞ്ച് മാസം കഴിഞ്ഞിരിക്കുന്നു. ആരോഗ്യപ്രവർത്തകരും കൊറോണ മുൻനിര പോരാളികളുമെല്ലാം വാക്സിൻ സ്വീകരിച്ചതിനാൽ സുരക്ഷിതരാണെന്ന് കരുതുന്നു. എന്നാൽ, അവർ പൂർണമായും സുരക്ഷിതരാവണമെങ്കിൽ അവർക്ക് വാക്സിന്റെ ബൂസ്റ്റർ ഡോസ് കൂടി നൽകണം.
ഇതുമായി ബന്ധപ്പെട്ട് യു.എസിലും ഇന്ത്യയിലും യുറോപ്യൻ രാജ്യങ്ങളിലും പഠനങ്ങൾ നടക്കുന്നുണ്ടെന്ന് എയിംസിലെ ഡോക്ടറായ സഞ്ജീവ് സിൻഹ പറഞ്ഞു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തൽ.