ന്യൂഡെൽഹി: കൊറോണ വൈറസ് ഭേദമായവർക്ക് തൽക്കാലം ഒരു ഡോസ് വാക്സിൻ മതിയാകുമെന്ന് പുതിയ പഠനം. ഇത്തരക്കാരിലെ ആൻറിബോഡിയുടെ പ്രതികരണം ഉയർത്തിക്കാട്ടി ഹൈദരാബാദിലെ എഐജി ആശുപത്രി നടത്തിയ പഠനമാണ് ഇത് സൂചിപ്പിക്കുന്നത്. ഇൻറർനാഷനൽ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ജനുവരി 16നും ഫെബ്രുവരി അഞ്ചിനും ഇടയിൽ കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ച 260 ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച കൊറോണ മുക്തരായവർ കൊറോണ ബാധിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ ആൻറിബോഡി പ്രതികരണം കാണിക്കുന്നുവെന്നാണ് പഠനം പറയുന്നത്.
കൊറോണ ബാധിച്ച ആളുകൾക്ക് ഒരു ഡോസ് ഉപയോഗിച്ച് തന്നെ രണ്ട് ഡോസുകൾക്ക് തുല്യമായി ശക്തമായ ആൻറിബോഡിയും മെമ്മറി സെൽ പ്രതികരണവും വികസിപ്പിക്കാൻ കഴിയും’- എ.ഐ.ജി ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. ഡി. നാഗേശ്വർ റെഡ്ഡി പറഞ്ഞു.
സാമൂഹിക പ്രതിരോധം കൈവരിക്കാൻ ആവശ്യമായ ആളുകളെ വാക്സിനേഷന് വിധേയമാക്കിയ ശേഷം രോഗ മുക്തരായവർക്ക് രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നും ഡോ. റെഡ്ഡി കൂട്ടിച്ചേർത്തു.