മറഡോണയ്ക്ക് ചികിത്സ നൽകിയില്ല; സ്വകാര്യ ഡോക്​ടറുൾപ്പടെ ആറു പേരെ ഇന്ന് ചോദ്യം ചെയ്യും

ബ്യൂണസ് അയേഴ്​സ്​: ഫുട്​ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന നാളുകളിൽ മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുടെ അടിസ്​ഥാനത്തിൽ അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്​ടറെയും മറ്റു ആറ്​ പേരെയും ഇന്ന് ചോദ്യം ചെയ്യും. താരത്തിന്​ മതിയായ പരിചരണം ലഭിച്ചില്ലെന്ന്​ മരണം അന്വേഷിക്കുന്ന വിദഗ്​ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്​ഥാനത്തിൽ ഏഴുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക്​ കേസെടുത്തിട്ടുണ്ട്​. എട്ട്​ മുതൽ 25 വർഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങളാണ്​ ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.

മറഡോണയുടെ സ്വകാര്യ ഡോക്​ടറും ന്യൂറോസർജനുമായ ലിയോ പോൾഡോ ലൂക്വി, ഫിസിയാട്രിസ്​റ്റ്​​ അഗസ്​റ്റിന കൊസകോവ്​, സൈക്കോളജിസ്​റ്റ്​ കാർലോസ്​ ഡയസ്​ തുടങ്ങിയവർക്കെതിരെയാണ്​ കേസ്​​. കഴിഞ്ഞവർഷം നവംബറിലായിരുന്നു മറഡോണയുടെ മരണം. രക്തം കട്ടപിടിച്ചതിനെ തുടർന്ന്​ മസ്​തിഷ്​ക ശസ്ത്രക്രിയക്ക്​ വിധേയനായ താരം ദിവസങ്ങൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്കിനെതിരെ മറഡോണയുടെ രണ്ട്​ മക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ശസ്ത്രക്രിയക്കുശേഷം പിതാവിന്റെ നില വഷളായതായി അവർ ആരോപിച്ചിരുന്നു. അന്വേഷണത്തിന്​ നിയമിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ​ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു​.

അവസാന ​12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു​ വിട്ടുനൽകിയെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട്​ നേരത്തെ ന്യൂറോ സർജനെ കസ്​റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ ഓഫിസിൽ പരിശോധന നടത്തുകയും ചെയ്​തിരുന്നു. എന്നാൽ, അദ്ദേഹത്തിന്​ വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്​തുവെന്നായിരുന്നു ഡോക്​ടറുടെ വിശദീകരണം.