ഹൈദരാബാദ്: ആന്റി ബോഡി കോക്ടെയില്‍ പരീക്ഷിക്കപ്പെട്ട 40 രോഗികളില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒരു ദിവസം കൊണ്ട് ഇല്ലതായി എന്ന് ഹൈദരാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ഡ്രോളജി വിഭാഗം. മോണോക്ലോണല്‍ കോക്ടെയില്‍ മരുന്നിന്റെ ഒറ്റ ഡോസാണ് രോഗികള്‍ക്ക് നല്‍കിയത്.
മരുന്ന് നല്കി 24 മണിക്കൂറിനുള്ളില്‍ തന്നെ രോഗികള്‍ക്ക് പനി ഉള്‍പ്പടെയുള്ള കൊറോണ വൈറസ് ബാധയുടെ ക്ഷണങ്ങള്‍ മാറിയെന്ന് ആശുപത്രി മേധാവി ഡോ. നാഗേശ്വര്‍ റെഡ്ഡി പറഞ്ഞു. രോഗവ്യാപന ത്രീവ്രത അതിരൂക്ഷമാക്കുന്ന കൊറോണ ഡെല്‍റ്റ വകഭേദത്തിന് എതിരേയും ആന്റിബോഡി കോക്ടെയില്‍ ഫളപ്രദമാണോയെന്ന് കണ്ടെത്താനുള്ള പഠനവും ഇവിടെ നടക്കുകയാണ്. യു എസില്‍ നടന്ന പഠനങ്ങളില്‍ കൊറോണ വൈറസിന്റെ ബ്രിട്ടീഷ്, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ക്കെതിരെ ആന്റിബോഡി കോക്ടെയില്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.
അതേസമയം ഡെല്‍റ്റ വകഭേദത്തിനെതിരെ ഇതുവരെ എവിടേയും പരീക്ഷണം നടത്തിയിട്ടില്ല. അതിനാല്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെതിരെ ചികിത്സ ഫലപ്രദമാണോയെന്നാണ് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ഡ്രോളജി പരിശോധിച്ചത്. 40 രോഗികളില്‍ ഒരാഴ്ച സമയം എടുത്താണ് പഠനം നടത്തിയത്. ഇവര്‍ പൂര്‍ണമായും രോഗമുക്തി നേടിയെന്നും തുടര്‍ന്നു നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊറോണനെഗറ്റീവ് ആയെന്നും ഡോ. റെഡ്ഡി പറഞ്ഞു.
കൊറോണ ബാധിതരായ രോഗികള്‍ക്ക് ആന്റിബോഡി കോക്ടെയിലിന്റെ സിംഗില്‍ ഡോസ് രോഗം ബാധിച്ച് മൂന്ന് മുതല്‍ ഏഴ് ദിവസത്തിനുള്ളിലാണ് നല്‍കിയത്. കാസിരിവിമ്പ്, ഇന്ഡെവിമാമ്പ് എന്നിങ്ങിനെ രണ്ട് മരുന്നുകളാണ് ആന്റിബോഡി കോക്ടെയിലില്‍ ഉള്ളത്. ഏകദേശം 70,000 രൂപയാണ് ഇന്ത്യയില്‍ ഈ കോക്ടെയിലിന് വിലവരുന്നത്.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ മോണോക്ലോണല്‍ കോക്ടെയില്‍ ആണ് നല്‍കിയത്. ഇതോടെയാണ് ഈ മരുന്നിനെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആരംഭിച്ചത്. യുഎസിന് ഇതിന് 20000 ഡോളറോളമാണ് വില.