ഹൈദരാബാദ്: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് തെലുങ്കാനയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. രാജ്യത്ത് അടിക്കടി പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വില വർധിപ്പിക്കുന്ന നടപടി പിൻവലിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളിൽ കോൺഗ്രസിൻ്റെ സംസ്ഥാന യൂണിറ്റ് പ്രസിഡൻറ് എൻ. ഉത്തംകുമാർ റെഡ്ഡി, വർക്കിംഗ് പ്രസിഡൻറുമാരായ എ. രേവന്ദ് റെഡ്ഡി, പൊന്നൻ പ്രഭാകർ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
അതേസമയം, രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 98 രൂപ 16 പൈസയും ഡീസലിന് 93 രൂപ 48 പൈസയുമാണ് പുതിയ വില. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്.