തിരുവനന്തപുരം: കൊറോണ വ്യാപനത്തോടെ കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി റെഗുലർ ക്ലാസ് മുടങ്ങിയതോടെ സ്കൂൾ വിദ്യാർത്ഥികളിൽ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയു നേരിയ പ്രവണത കണ്ടെത്തിയതായി പഠനം. 23.4 ശതമാനം വിദ്യാർത്ഥികളിലാണ് ഈ പ്രവണത കണ്ടെത്തിയെതെന്ന് പഠനം വ്യക്തമാക്കി.
വിക്ടേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ നടത്തിപ്പ് സംബന്ധിച്ച് എസ് സിഇആർടിയും തിരുവനന്തപുരം ഗവൺമെൻ്റ് വിമൻസ് കോളജിലെ സൈക്കോളജിക്കൽ റിസർച് സെൻററും ചേർന്ന് നടത്തിയ പഠനത്തിലാണ് വിദ്യാർഥികളുടെ മാനസികനില സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സ്മാർട്ട് ഫോണിൻറെ കുറവുമൂലം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത പട്ടികജാതി – പട്ടികവർഗ വിദ്യാർഥികളുടെ എണ്ണം ഇതരവിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊറോണ കാലത്തെ സ്കൂൾ വിദ്യാർഥികളുടെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹികവും മാനസികാരോഗ്യ സംബന്ധിയുമായ അവസ്ഥകളാണ് പഠനത്തിൻറെ വിഷയം. പതിനാല് ജില്ലകളിൽനിന്നായി 85 സ്കൂളുകളിലെ 2829 കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
2466 രക്ഷാകർത്താക്കൾ, 412 അധ്യാപകർ, 176 സ്കൂൾ കൗൺസിലർമാർ, 53 സൗഹൃദ ക്ലബ് കോഓഡിനേറ്റർമാർ എന്നിവരിൽനിന്ന് ഇതുസംബന്ധിച്ച് വിവരശേഖരണം നടത്തി. പരിശീലനം നേടിയ 42 ഫീൽഡ് ഇൻവെസ്റ്റിഗേറ്റർമാരെ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. 97.38 ശതമാനം എൽ.പി, യു.പി വിദ്യാർഥികളും 94.18 ശതമാനം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളും ക്ലാസുകളിൽ പങ്കെടുത്തു.