അബുജ: ട്വിറ്റർ നിരോധിച്ച നൈജീരിയ ഇന്ത്യയുടെ കൂ ആപ്പിലേക്ക് കൂടുമാറി. നൈജീരിയ സർക്കാരിന്റെ ഔദ്യോഗിക കൂ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് ട്വീറ്റ് ചെയ്ത് സിഇഒ അപരമേയ രാധാകൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.
നൈജീരയയുടെ നടപടി ആപ്പിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ മ്യാൻമർ, നാംബിയ, നേപ്പാൾ, സെനഗൽ, റുവാണ്ട, ഫിലിപ്പീൻസ്, പെറു, പരഗ്വായ് എന്നീ രാജ്യങ്ങളിലും കൂ ലഭ്യമാണ്.
ബോംബിനേറ്റ് ടെക്നോളജീസിന്റെ ഉടമസ്ഥതയിലുള്ള കൂ, ട്വിറ്ററിന് ഇന്ത്യയുടെ ബദലായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് നൈജീരിയ ട്വിറ്റർ നിരോധിച്ചത്. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് ട്വിറ്ററിന് നിരോധനം ഏർപ്പെടുത്തിയത്.