ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിക്കെതിരേ മറ്റൊരു യുവതി കൂടി പരാതി നൽകി; പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാർട്ടിൻ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നൽകിയതായി പോലീസ്. മാർട്ടിൻ ജോസഫ് പീഡിപ്പിച്ചതായി എറണാകുളത്താണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, മാർട്ടിൻ ജോസഫിനെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്നുപേരും മാർട്ടിന്റെ സുഹൃത്തുക്കളാണ്.

മാർട്ടിൻ ജോസഫ് ഉടൻ പിടിയിലാകുമെന്ന്‌ സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ ഒളിവിൽ പോകാൻ സഹായിച്ച ശ്രീരാഗ്, ജോൺ ജോയ്, ധനേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പീഡനത്തിന് യുവതി പരാതി നൽകിയതിന് പിന്നാലെ മാർട്ടിൻ ജോസഫിനെ കൊച്ചിയിൽ നിന്ന് രക്ഷപെടാൻ സഹായിച്ചതും, തൃശൂരിൽ ഒളിവിൽ പാർപ്പിച്ചതും, ഇയാളുടെ ചില ബന്ധുക്കളും, സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവരാണ്.

തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മാർട്ടിൻ ഒളിവിൽ കഴിയാൻ സാദ്ധ്യതയെന്നാണ് പോലീസ് കരുതുന്നത്. ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമുണ്ട്. വിവാഹ വാഗ്ദാനം നൽകി 2020 ഫെബ്രുവരി 15 മുതൽ മാർച്ച് എട്ട് വരെ എറണാകുളം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ ലൈംഗികമായി പീഡിപ്പിച്ചെന്നും, പൊള്ളലേൽപ്പിക്കലും, ശാരീരിക ഉപദ്രവങ്ങൾ നടത്തിയെന്നുമാണ് യുവതി പരാതി നൽകിയിട്ടുള്ളത്.

ഇതിനിടെ യുവതിയുടെ സുഹൃത്തായ പെൺകുട്ടിയോട് കാക്കനാടുള്ള ഫ്ലാറ്റിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന കേസിൽ മാർട്ടിനെതിരെ പോലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സുധീർ എന്നയാളും ഈ കേസിൽ പ്രതിയാണ്.