തൃശൂര്‍: പോലിസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ടയെ ബംഗളൂരുവില്‍നിന്ന് പിടികൂടി. കൊലപാതകം ഉള്‍പ്പെടെ 35 കേസുകളില്‍ പ്രതിയായ ഹരീഷ് കാട്ടൂരിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍നിന്ന് പിടികൂടിയത്. ഓപറേഷന് കോളാറിന്റെ ഭാഗമായി നാലുദിവസം മുമ്പാണ് ഹരീഷിനെ പിടികൂടാന്‍ പ്രത്യേക സംഘം കര്‍ണാടകത്തിലേക്ക് പോയത്.
മുടിയും താടിയും വടിച്ച് രൂപമാറ്റം വരുത്തി ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന പ്രതിയെ മഫ്തിയിലെത്തിയ പോലിസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായെത്തിയ പോലിീസ് സംഘത്ത കണ്ട് ഓടി ഒളിക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹരീഷ് ഒളിവില്‍ പോയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലും കര്‍ണാടകത്തിലുമായി കഴിഞ്ഞുവരികയായിരുന്നു.
ഒളിവിലും കഞ്ചാവ് വില്‍പ്പന തുടര്‍ന്നു. തന്നെ തേടി പോലിസെത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണി മുഴക്കി വാളുമായി നില്ക്കുന്ന ചിത്രങ്ങള്‍ സഹിതം വാട്സ് ആപ്പില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചിരുന്നു. കാട്ടൂര്‍ സ്റ്റേഷനില്‍ 21 കേസും വലപ്പാട് സ്റ്റേഷനില്‍ ഏഴ് കേസും, ചേര്‍പ്പ് സ്റ്റേഷനില്‍ മൂന്ന് കേസും ഒല്ലൂര്‍ മതിലകം സ്റ്റേഷനുകളില്‍ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടുതവണ കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.