ബെയ്ജിംഗ്: എച്ച്ഐവിയ്ക്ക് എതിരെയുള്ള മരുന്നുകൾ കൊറോണക്ക് ഫലപ്രദമല്ലെന്ന് ചൈനീസ് റിപ്പോർട്ടുകൾ. ലോപിനാവിർ-റിട്ടോനാവിർ എന്നീ മരുന്നുകളുടെ സംയുക്തവും ആർബിഡോൾ എന്ന മരുന്നുമാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവ കൊറോണക്ക് ഫലപ്രദമല്ലെന്നാണ് ചൈനീസ് ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
കൊറോണ വൈറസിനെതിരായുള്ള മരുന്നിനായി ലോകമെമ്പാടും പരീക്ഷണങ്ങൾ നടന്നുവരികയാണ്.
എച്ച്ഐവിക്ക് എതിരെയുള്ള മരുന്നുകൊണ്ട് ചിലരുടെ രോഗം ഭേദമായതിനെ തുടർന്ന് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ ലോകത്ത് പലയിടങ്ങളിലും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. എന്നാൽ ഈ മരുന്നുകൾ കോറോണക്കെതിരെ ഫലപ്രദമല്ലെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനഫലം വ്യക്തമാക്കുന്നത്.
ഗാങ്ഷു മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ലിങ്ഗ്വാ ലീ, ഷിയോങ് ഡെങ്, ഫുഷുൻ ഴാങ് എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ കണ്ടത്തെൽ.
കൊറോണ ബാധിച്ച 86 രോഗികളിലാണ് ഈ മരുന്നുകളുടെ പരീക്ഷണം നടന്നത്. 34 പേർക്ക് ലോപിനാവിർ-റിട്ടോനാവിർ മരുന്നുകളുടെ സംയുക്തവും 35 പേർക്ക് ആർബിഡോളും നൽകി. എന്നാൽ 17 പേർക്ക് മരുന്നുകളൊന്നും നൽകിയതുമില്ല . ഫലത്തിൽ ഈ രോഗികളിലെല്ലാം ഏഴാം ദിവസവും 14-ാം ദിവസവും ഒരേ ആരോഗ്യസ്ഥിതിയാണ് കാണാനായത്. മരുന്ന് ഉപയോഗിച്ച രോഗികളിൽ പനി, ചുമ എന്നിവയിൽ കുറവുകളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഉപയോഗിച്ച മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉള്ളതായി പഠനങ്ങളിൽ തെളിഞ്ഞു.