ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം; അധ്യാപകന്‍ അറസ്റ്റിൽ

ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസിനിടെ വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച മറ്റൊരു അധ്യാപകൻ കൂടി അറസ്റ്റിൽ. കില്‍പ്പോക്ക് വിദ്യാമന്ദിര്‍ സ്കൂളിലെ സയന്‍സ് അധ്യപകന്‍ ജെ ആനന്ദാണ് അറസ്റ്റിലായത്. സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സയന്‍സ് അധ്യാപകനെതിരെ ഇന്‍സ്റ്റാഗ്രാമില്‍ പരാതി പങ്കുവച്ചത്. നേരത്തേ ആറോളം അധ്യാപകർ അറസ്റ്റിലായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയക്കുകയും ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തി.

കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയതോടെയാണ് അധ്യാപകൻ കുടുങ്ങിയത്. അധ്യാപകന്‍ യാത്രയ്ക്കു ക്ഷണിച്ചതിന്റെയും ശരീര വര്‍ണ്ണന നടത്തി സന്ദേശം അയച്ചിന്‍റെയും സ്ക്രീന്‍ ഷോട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു.

ഇതോടെ തമിഴ്നാട് വനിതാ ശിശുസംരക്ഷണ വകുപ്പ് സ്വമേധയാ കേസ് എടുത്തു. ചെന്നൈയിലെ വീട്ടില്‍ നിന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ക്ലാസുകൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അപമര്യാദയായി പെരുമാറുന്നവർക്ക് എതിരെ കർശന നടപടി ക്കാണ് നിർദ്ദേശം.