തിരുവനന്തപുരം : കൊറോണ കാല പ്രതിസന്ധി കണക്കിലെടുത്ത് വാഹനനികുതി ഉൾപ്പെടെ, വിവിധ നികുതികൾ അടക്കാനുള്ള സമയപരിധി നീട്ടി നൽകി. ബജറ്റ് ചർച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രി കെഎൻ ബാലഗാപാൽ ഇക്കാര്യം അറിയിച്ചത്. രണ്ടാം കൊറോണ വ്യാപനവും ലോക്ഡൗണും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ നികുതി നിർദ്ദേശങ്ങൾ ബജറ്റിൽ ഇല്ലെങ്കിലും നിലവിലുള്ള നികുതി വേണ്ടെന്ന് വക്കാനാകില്ല. ഓട്ടോറിക്ഷ, ടാക്സി, സ്റ്റേജ് കോൺട്രാക്ട് വാഹനങ്ങളുടെ നികുതി അടക്കാൻ ഓഗസ്റ്റ് 31 വെരെ സാവകാശം നൽകിയിരുന്നു. ഇത് നവംബർ 30 വരെയാണ് നീട്ടിയത്. ടേൺ ഓവർ ടാക്സ് അടക്കാൻ സെപ്റ്റംബർ അവസാനം വരെ ഇളവുണ്ടാകും. പിഴ ഇളവോടെ ജിഎസ്ടി കുടിശ്ശിക അടക്കാനുള്ള ആംനസ്റ്റി പദ്ധതി ഒക്ടോബർ 31 വരെ നീട്ടി.
കൊറോണ പാക്കേജ് കാപട്യമാണെന്ന പ്രതിപക്ഷ നേതാവിൻറെ ആക്ഷേപം ബജറ്റ് ചർച്ചയിൽ ധനമന്ത്രി തള്ളി. പ്രതിസന്ധി കാലത്ത് ആളുകളുടെ കയ്യിൽപണം നേരിട്ടെത്തിക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ, വിവിധ ക്ഷേപമപദ്ധതികളിൽ അംഗങ്ങളായവർക്കുള്ള സഹായം, കരാറുകാർക്കുള്ള കുടിശ്ശിക എന്നിവ ഇതിലുൾപ്പെടും.
ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം കാർഷികമഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നതടക്കം പരിഗണിക്കണം. കശുവണ്ടി, കയർ, കൈത്തറി മേഖലക്ക് കുറഞ്ഞ പലിശക്ക് വായ്പ നൽകുന്നതും ആലോചിക്കും. ബജറ്റ് ചർച്ചയിൽ അംഗങ്ങളുന്നയിച്ച ആവശ്യങ്ങൾ സബ്ജക്ട് കമ്മറ്റി ചർച്ച ചെയ്യും. സംസ്ഥാനത്തിൻറെ ഖജനാവിൽ 5000 കോടി മിച്ചം വച്ചാണ് പടിയിറങ്ങിയതെന്ന മുൻ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. പണ ലഭ്യതക്ക് പ്രശനമില്ല എന്ന അർത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.