തിരുവനന്തപുരം: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. എന്നാൽ വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാൻ അനുവദിക്കും.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനം എടുത്തത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 15ൽ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു. കൊറോണ രണ്ടാം തരംഗത്തിൽ ടി.പി.ആർ 30ൽ നിന്ന് 15ലേക്ക് വളരെ വേഗത്തിൽ താഴ്ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ് നൽകിയത്.