കൊച്ചി: ഇന്ധന വില വർധന ദൈനംദിന പ്രതിഭാസമായി തുടരുകയാണ്. ഇന്നും വില വർധിപ്പിച്ചു. ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ കേരളവും ഉടൻ സെഞ്ചുറി അടിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവിന് തയ്യാറാകാത്തത്തോടെ സ്ഥിതി സങ്കീർണമാകുകയാണ്.
ചെറിയ തുകയായുള്ള വർധന തന്നെ ഉപഭോക്താക്കളെ വിദഗ്ധമായി കബളിപ്പിക്കാനാണ്. കേരളത്തിൽ പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വർധിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ പെട്രോൾ ലിറ്ററിന് 97.29 രൂപയും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില.
കൊറോണയും ലോക്ഡൗണുകളും ജനങ്ങള്‍ക്കു സൃഷ്ടിച്ച കൊടിയ ദുരിതങ്ങള്‍ക്കും വരുമാന, തൊഴില്‍ നഷ്ടങ്ങള്ക്കുമിടെ ഈ വര്‍ഷം മാത്രം 44 തവണ ഇന്ധന വില കൂട്ടി. ലോകത്തിൽ ഏറ്റവുമധികം ഇന്ധനവിലയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.