ന്യൂഡെല്‍ഹി: കെപിസിസി അദ്ധ്യക്ഷനാകാൻ കൊടിക്കുന്നിൽ സുരേഷ് ശക്തമായ സമ്മർദ്ദ തന്ത്രവുമായി രംഗത്തിറങ്ങിയതോടെ പ്രഖ്യാപനം വൈകുമെന്ന് സൂചന. ബഹുഭൂരിപക്ഷം നേതാക്കൾക്കും അണികൾക്കും താൽപര്യമില്ലാത്ത സുരേഷ് ഹൈക്കമാൻഡിലുള്ള സ്വാധീനം ഉപയോഗിച്ച് അധ്യക്ഷനാകാണ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. തൻ്റെ അവകാശവാദം ന്യായീകരിച്ച് സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്. എന്നാൽ അദ്ധ്യക്ഷനെ പ്രഖ്യാപിക്കും മുൻപ് സംസ്ഥാന കോണ്‍ഗ്രസിലെ എല്ലാ വശങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും വിശദമായി മനസിലാക്കാനാണ് ഹൈക്കമാൻഡ് നീക്കം.
പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാതെ എല്ലാവര്‍ക്കും സ്വീകാര്യമാവുന്ന തീരുമാനമെടുക്കും. ഇതിനായി കേരളത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തിയേക്കുമെന്നാണ് വിവരം. എംപിമാരില്‍ നിന്നും എംഎല്‍എമാരില്‍ നിന്നും മുതിര്‍ന്ന നേതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെയടക്കം അടിസ്ഥാനത്തിലാവും പാര്‍ട്ടി തീരുമാനമുണ്ടാവുക.
കേരളത്തിലെ കാര്യമായതിനാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയെടുക്കുന്ന തീരുമാനത്തില്‍ ഇടപെടാതിരിക്കുക എന്ന സമീപനമാണ് മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും കെ.സി വേണുഗോപാലും സ്വീകരിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുമായി ആലോചിച്ച ശേഷമാവും അന്തിമ തീരുമാനം കൈക്കൊള്ളുക.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവില്‍ കെ സുധാകരന്‍റെ പേരിനുതന്നെയാണ് മുന്‍തൂക്കമെങ്കിലും കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കുന്നവരുമുണ്ട്. ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് വലിയതോതില്‍ വോട്ടു ചോര്‍ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ മറ്റൊരു വര്‍ക്കിംഗ് പ്രസിഡന്‍റായ കെ വി തോമസിനെ പരിഗണിച്ചുകൂടെന്നുമില്ല. എന്നാല്‍ ഇവരാരുമല്ലാതെ പുതിയ തലമുറയില്‍പ്പെട്ട ജനകീയ അടിത്തറയുള്ളവരെ അദ്ധ്യക്ഷനാക്കുന്ന കാര്യവും തള്ളിക്കൂടെന്നുതന്നെയാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.