കാലിഫോർണിയ: പെൺകുട്ടിയും ഭീമാകാരിയായ തള്ളക്കരടിയും തമ്മിലുള്ള മൽപിടുത്തത്തിൽ കരടിയെ തുരത്തി 17 കാരി പുലിയായി. ആരെങ്കിലും ഭീമാകാരിയായ ഇത്തരം കരടിയുമായി മൽപിടുത്തത്തിന് തയാറാകുമോ?, ഇല്ല എന്നതിൽ കുറഞ്ഞ ഒരു ഉത്തരവും ലഭിക്കില്ല. എന്നാൽ കാലിഫോർണിയായിലെ ഒരു 17കാരി കരടി അല്ല സിംഹം വന്നാലും യുദ്ധത്തിന് തയാറാകുമെന്ന തെളിയിച്ചു.
സാൻഗബ്രിയേൽ വാലിയിലെ ബ്രാഡ്ബറിയിലെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ് പെൺകുട്ടിയും കരടിയും തമ്മിലുള്ള മൽപിടുത്തം കുടുങ്ങിയത്. പെൺകുട്ടിയുടെ വീടിൻ്റെ പുറക് വശത്തുള്ള മതിലിനു മുകളിൽ കൂടി തള്ളക്കരടിയും കുഞ്ഞുങ്ങളും നടന്ന് വരികയായിരുന്നു. ഈ കാഴ്ച കണ്ട് പാഞ്ഞെത്തിയ വളർത്തു നായകൾ കരടികളെ വിരട്ടിയോടിക്കാൻ ശ്രമിച്ചു.
കുഞ്ഞുങ്ങൾ ഓടി പോയെങ്കിലും തള്ളക്കരടി നായകളെ തിരിച്ച് ആക്രമിക്കുകയായിരുന്നു. വീടിനു പുറകിലെ നായകളുടെ കുരയും ബഹളവും കേട്ട് മൊറിനികോ എന്ന പെൺകുട്ടി ഓടിയെത്തി. ഒരു നിമിഷം അക്ഷരാർത്ഥത്തിൽ പകച്ച് പോയെങ്കിലും തൻ്റെ പ്രിയപ്പെട്ട വളർത്തുനായ വാലൻ്റയിനെ ആക്രമിക്കുന്ന കരടി ഓടിക്കുക അല്ലാതെ മറ്റൊന്നും മനസിൽ തെളിഞ്ഞില്ലെന്ന് മൊറിനികോ പറയുന്നു.
ഓടി മതിൽക്കെട്ടിന് സമീപത്ത് എത്തിയ പെൺകുട്ടി മതിലിന് മുകളിൽ നിലയുറപ്പിച്ചിരുന്ന തള്ളകരടിയെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ തന്നെ കരടിയെ തള്ളി താഴെയിട്ട പെൺകുട്ടി തൻ്റെ നായകളെ കോരിയെടുത്ത് ഓടി പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.
കൈക്ക് ചെറിയ മുറിവുകൾ ഒഴിച്ചാൽ മൊറിനികോയ്ക്ക് മറ്റ് പരിക്കുകൾ ഒന്നും തന്നെ ഇല്ല. എന്നാൽ താൻ ഭാഗ്യ കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കരടികളെ ഇത്തരത്തിൽ ഒരിക്കലും നേരിടാൻ പാടില്ലെന്നും പെൺകുട്ടി പറഞ്ഞു.