കൊച്ചി: എറണാകുളം, തൃശൂർ , പാലക്കാട് ജില്ലകളിലെ ബാറുകളിൽ മദ്യവിൽപ്പന സജീവമായി. പാലക്കാടുള്ള വ്യവസായിയുടെ ബാറിൽ നിന്നും കടത്തിയ 90 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയത് കേരളാ പോലീസിലെ ഹോം ഗാർഡും.
പുതുക്കോട് പുൽപ്പറമ്പിൽ സുരേഷാണ് പിടിയിലായത്. യാക്കരയിൽ വാഹന പരിശോധനക്കിടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ കാർ പരിശോധിക്കുകയായിരുന്നു. പിടിയിലാകുമ്പോൾ ഹോം ഗാർഡിൻ്റെ യൂണിഫോമും തിരിച്ചറിയൽ കാർഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇയാൾക്ക് മദ്യം നൽകിയത് ബാറിലെ സ്റ്റോർ കീപ്പറാണെന്ന് സുരേഷ്മൊഴി നൽകി. ഇതേ തുടർന്ന് ബാർ ജീവനക്കാരനെതിരെയും കേസ് എടുത്തു. ലോക്ക്ഡൗണിൽ മദ്യം കിട്ടാതായതോടെ നാലിരട്ടി വിലയ്ക്കാണ് ഇയാൾ മദ്യവിൽപ്പന നടത്തിയിരുന്നത്.
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, തൃശൂർ ജില്ലയിലെ ചാലക്കുടി എന്നിവിടങ്ങളിലാണ് ബാറുകളിൽ മദ്യവിൽപ്പന കണ്ടെത്തിയത്.
എക്സൈസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം എറണാകുളം ജില്ലയിലെ
അടഞ്ഞുകിടന്ന ബാറുകളില്‍ അനധികൃത മദ്യവില്പന നടന്നിട്ടുണ്ടോയെന്നറിയാന്‍ സ്റ്റോക്ക് പരിശോധന നടന്നെങ്കിലും ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല.
ജോയിന്റ് എക്സൈസ് കമ്മിഷണര്‍മാര്‍ക്കും ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ക്കുമാണ് പരിശോധന ചുമതല. പൂട്ടിയ ബാറുകള്‍ കേന്ദ്രീകരിച്ച് നാലിരട്ടി വരെ വിലകൂട്ടി മദ്യം വില്‍ക്കുന്നെന്ന വിവരത്തിന്റെയടിസ്ഥാനത്തിലായിരുന്നു പരിശോധന.
സംസ്ഥാനത്ത് മദ്യവില്പന നിരോധിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ ഡ്രൈ ഡേ ആയാണ് കണക്കാക്കുന്നത്. ആ സമയത്ത് മദ്യം വിറ്റാല്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം ബാര്‍ ഉടമകള്‍ അകത്താകും. മാത്രമല്ല ഇക്കാര്യത്തില്‍ കേസെടുത്താല്‍ ബാറിന്റെ ലൈസന്‍സ് പുതുക്കാനും കഴിയില്ല. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സമര്‍പ്പിച്ച സ്റ്റോക്കിന്റെ കണക്ക്, ഇപ്പോഴത്തെ സ്റ്റോക്കിന്റെ അളവ് എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം. ഇക്കാര്യത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശ നല്‍കിയിരിക്കുന്നത്. സംശയമുള്ള ബാറുകളുടെ രണ്ടുമാസത്തെ വില്പന ശരാശരിയെടുക്കണമെന്നും നിര്‍ദേശമുണ്ട്.