ലണ്ടൻ: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള തീരുമാനം പുറത്ത് വന്നതിന് പിന്നാലെ യു.കെയിൽ കൊറോണ വൈറസിന്റെ മൂന്നാം തരംഗം തുടങ്ങിയെന്ന് മുന്നറിയിപ്പ്. ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വകേഭദം യുകെയിൽ മൂന്നാം തരംഗത്തിന് കാരണമാവുമെന്നാണ് ആശങ്ക.
കുറഞ്ഞ എണ്ണം രോഗികളുമായാണ് കൊറോണ വൈറസിന്റെ എല്ലാ തരംഗവും ആരംഭിക്കുക. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ് ചെയ്യുക. മൂന്നാം തരംഗത്തിൻ്റെ സൂചനകളാണ് പ്രകടമാവുന്നതെന്ന് യുകെയിലെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ശാസ്ത്ര ഉപദേഷ്ടാവാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ജൂൺ 21 മുതൽ കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ യു.കെ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത് നീട്ടിവെക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് ദിവസമായി 3000ത്തിലധികം കൊറോണ കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 12ന് ശേഷം ഇതാദ്യമായാണ് ഇത്രത്തോളം പേർക്ക് രോഗം ബാധിക്കുന്നത്.