തിരുവനന്തപുരം:
ഒന്നാംക്ലാസിൽ പ്രവേശനോൽസവത്തിന് മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.ശിവൻകുട്ടി. കൊറോണ വ്യാപനം നിലനിൽക്കുന്ന കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകർ വീടുകളിൽ എത്തിക്കണമെന്ന നിർദ്ദേശം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
മുഖ്യമന്ത്രിയുടെ സന്ദേശം വാട്സ്ആപ്പ് മുഖേന കുട്ടികളുടെ വീടുകളിൽ എത്തിച്ചാലും മതിയാകും. തെറ്റിദ്ധാരണയാകാം വിവാദത്തിന് കാരണമായത്. കോട്ടൺഹിൽ സ്കൂളിൽ ജൂൺ ഒന്നിന് നടക്കുന്ന പ്രവേശനോത്സവത്തിനു 25 പേർക്ക് മാത്രം മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. ഏറെ കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്ത ഭീഷണി ഒഴിയുന്ന മുറക്ക് വിദ്യാലയത്തിലേക്ക വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നു. ഈ സന്ദേശം അടങ്ങിയ കാർഡ് തിങ്കളാഴ്ചക്കുള്ളിൽ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നിറക്കിയ ഉത്തരവ്.
കെബിപിഎസ് അച്ചടിച്ച ആശംസാ കാർഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും പ്രധാന അധ്യാപകർ വാങ്ങി അധ്യാപകർ മുഖേനെ കൈമാറണമെന്നാണ് നിർദ്ദേശം. കൊറോണ ഡ്യൂട്ടിക്കും സ്കൂൾ പ്രവേശനത്തിനുമുള്ളു നടപടികൾ തുടങ്ങുന്നതിനുമിടയിൽ വന്ന പുതിയ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിരുന്നു.