ഡിസംബറോടെ രാജ്യത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പാക്കും: പ്രകാശ് ജാവദേക്കര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഡിസംബറോടെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യത്തെ 130 കോടി ജനങ്ങളില്‍ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രണ്ട്ഡോസ് വാക്‌സിനും ലഭ്യമായതെന്ന കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രകാശ് ജാവദേക്കറിന്റെ പ്രഖ്യാപനം.

ജനങ്ങള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ശ്രദ്ധകേന്ദ്രീകരിക്കാനും രാഹുലിന് കേന്ദ്രമന്ത്രി മറുപടി നല്‍കി. വാക്സിനേഷന്‍ സംബന്ധിച്ച് ഏറ്റവുമധികം പ്രതിസന്ധി നിലനില്‍ക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. മെയ് ഒന്നുമുതല്‍ 44 വയസിന് താഴെയുള്ളവര്‍ക്ക് അനുവദിച്ച വാക്‌സിനേഷന്‍ ക്വാട്ട സ്വീകരിക്കാന്‍ ഇവിടെയുള്ളവര്‍ തയ്യാറാവുന്നില്ലെന്നും ജാവദേക്കര്‍ പറയുന്നു.

130 കോടി ജനങ്ങളുള്ള രാജ്യത്ത് മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് ഇതുവരെ വാക്സിന്റെ രണ്ടു ഡോസ് നല്‍കാന്‍ സാധിച്ചതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.