ടോക്യോ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ടോക്യോ ഒളിമ്പിക്‌സ് നടത്തരുതെന്ന മുന്നറിയിപ്പുമായി വീണ്ടും ആരോഗ്യ വിദഗ്ദ്ധര്‍ രംഗത്ത്. ഈ വര്‍ഷം ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനത്തില്‍ നിന്നും അധികൃതര്‍ പിന്മാറിയില്ലെങ്കില്‍ അത് കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന പറയുന്നു. കൊറോണ വൈറസിന്റെ ഒളിമ്പിക്‌സ് വകഭേദം എന്നാവും ഇതറിയപ്പെടുകയെന്നും ജപ്പാനിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ജപ്പാനും രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഒളിമ്പിക്‌സ് നടത്തുന്നതോടെ ഇവ കൂടിചേര്‍ന്ന് അതില്‍ നിന്ന് പുതിയ കൊറോണ വൈറസ് വകഭേദം ഉണ്ടാവുകയും ചെയ്യാന്‍ സാധ്യതയുണ്ട്. ആ സാധ്യത തള്ളിക്കളയാവുന്നതല്ല.
അങ്ങിനെ സംഭവിക്കുന്ന പക്ഷം ടോക്യോ ഒളിമ്പിക്‌സ് വകഭേദം എന്നാവും അതിന് പേരിടുക. അതൊരു വലിയ ദുരന്തമാവുന്നതിനും 100 വര്‍ഷം വരെ അതിന്റെ പേരില്‍ ജപ്പാന്‍ പഴി കേള്‍ക്കേണ്ടി വരുംമെന്നും ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന ഓര്‍മ്മപ്പെടുത്തുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒളിമ്പിക്‌സ് മാറ്റിവെച്ചത്.
നിലവില്‍ ജപ്പാനില്‍ കൊറോണയുടെ നാലാം തരംഗമാണ് അനുഭവപ്പെടുന്നത്. ഇത് നിയന്ത്രണ വിധേയമാ ക്കുന്നതിനായി രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഒളിമ്പിക്‌സിന് 200ല്‍ അധികം രാജ്യങ്ങളില്‍ നിന്നുളള മത്സരാര്‍ത്ഥികളും മറ്റ് സ്റ്റാഫുകളും എത്തുന്നുണ്ട്. ഇത് തീര്‍ച്ചയായും അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒളിമ്പിക്‌സിന് എത്തുന്നവരില്‍ വലിയൊരു ശതമാനത്തിലേക്ക് വാക്‌സിനേഷന്‍ എത്തിയിട്ടില്ല എന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ടോക്യോ ഒളിമ്പിക്‌സിലേക്ക് വിദേശ കാണികള്‍ക്ക് പ്രവേശനമില്ല. പ്രാദേശിക കാണികള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം അടുത്ത മാസമുണ്ടാവും.