തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകള്‍ തുറന്ന് ക്ലാസ്സുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ക്ലാസ്സുകള്‍ സംപ്രേഷണം ചെയ്യും.
മുന്‍വര്‍ഷം ടെലികാസ്റ്റ് ചെയ്ത ക്ലാസ്സുകള്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി കൂടുതല്‍ ആകര്‍ഷകമായിട്ടായിരിക്കും ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്. സ്കൂള്‍ തലത്തിലെ അധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ഘട്ടംഘട്ടമായി ക്ലാസ് തലത്തില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അദ്ധ്യാപകര്‍ സ്കൂളിലെത്തുന്നതും സ്കൂളിലെ ഐ. റ്റി. സൗകര്യം കൂടി ഉപയോഗിക്കുന്നതുമാണ്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ക്ലാസ്സുകളും മുന്‍വര്‍ഷ പഠനത്തെ പുതിയ ക്ലാസ്സുമായി ബന്ധിപ്പിക്കുന്ന ബ്രിഡ്ജിംഗ് ക്ലാസുകളായിരിക്കും നല്‍കുക.
ഡിജിറ്റല്‍ ക്ലാസ് ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ക്കാര്‍ പൊതുമേഖല ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ പൊതുജനങ്ങള്‍ എന്നിവരുടെ ഇടപെടലുകളിലൂടെ ഡിജിറ്റല്‍ ക്ലാസ് ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ നടത്തിപ്പ് തുടര്‍ പ്രവര്‍ത്തനങ്ങള്‍, മൂല്യനിര്‍ണ്ണയം എന്നിവയെല്ലാം കൂടുതല്‍ ഫലപ്രദമാക്കുന്നതാണ്.
അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് കുട്ടികളെ വരവേൽക്കുന്നതിന് ഈ വര്‍ഷം വെര്‍ച്വല്‍ ആയി പ്രവേശനോത്സവം നടത്തും. വെര്‍ച്വല്‍ പ്രവേശനോത്സവം ജൂണ്‍ 1-ന് രാവിലെ 10 മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രോഗ്രാം ആരംഭിക്കും. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11 മുതല്‍ സ്കൂള്‍തല പ്രവേശനോത്സവച്ചടങ്ങുകള്‍ വെര്‍ച്വല്‍ ആയി നടത്തും. ജനപ്രതിനിധികളും, പ്രധാനാദ്ധ്യാപകരും ആശംസകള്‍ നേരും.