സൈബർ ആക്രമണത്തിൻ്റെ പുതിയ ഇര; ഡൊമിനോസിലെ 18 കോടി ഓർഡറുകളുടെ വിശദാംശങ്ങൾ​ ഡാർക്​ വെബ്ബിൽ

ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള പിസ്സ ഡെലിവറി ചെയിനായ ഡൊമിനോസ്​ ഇന്ത്യയുടെ 18 കോടി ഓർഡറുകളുടെ വിശദാംശങ്ങൾ​ ഡാർക്​ വെബ്ബിൽ ലഭ്യമാണെന്ന്​ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്​. എയർ ഇന്ത്യയുടെ ഡാറ്റ പ്രൊസസറിന്​ നേരെയുണ്ടായ സൈബർ ആക്രമണത്തിൽ 45 ലക്ഷം പേരുടെ ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങളടക്കമുള്ള സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവത്തിന്​ പിന്നാലെ രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ്​ മറ്റൊരു സൈബർ ആക്രമണം കൂടി റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്.

13 ടിബി സൈസുള്ള ഡൊമിനോസ് ഡാറ്റയിലേക്ക് തനിക്ക് പ്രവേശിക്കാൻ കഴിഞ്ഞതായി ഏപ്രിലില്‍ ഒരു ഹാക്കര്‍ അവകാശപ്പെട്ടിരുന്നു.ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസം, പേയ്‌മെൻറ്​ വിശദാംശങ്ങള്‍, പിസ്സ ഓർഡർ ചെയ്​ത യൂസർമാരുടെ വിലാസവും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഉള്‍പ്പെടുന്ന 18 കോടി ഓര്‍ഡറുകളുടെ വിവരങ്ങളാണ്​ ​ഡാർക്​ വെബ്ബിലുള്ളത്​.

10 ലക്ഷം ക്രെഡിറ്റ്​ കാർഡുകളുടെ വിശദാംശങ്ങളാണ്​ ചോർന്ന ഡാറ്റയിലുള്ളതെന്നും ആരോപിക്കപ്പെടുന്നുണ്ട്​. സൈബർ സുരക്ഷാ ഗവേഷകനായ രാജ്ശേഖർ രാജഹാരിയയാണ്​ സംഭവം ട്വിറ്ററിലൂടെ ആദ്യം പുറത്തുവിട്ടത്​. ഡാര്‍ക്ക് വെബില്‍ ഹാക്കര്‍മാര്‍ ഒരു സെര്‍ച്ച് എഞ്ചിന്‍ നിർമിച്ച്​ അതിലൂടെ 18 കോടി ഓര്‍ഡറുകളുടെ ഡൊമിനോസ്​ ഡാറ്റ പരസ്യമാക്കുകയും ചെയ്​തതായി അദ്ദേഹം വ്യക്​തമാക്കി.