കൊച്ചി: രാജ്യത്ത് സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന ബി.ഐ.എസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുന്നത് കേന്ദ്രസർക്കാർ ജൂൺ 15ലേക്ക് നീട്ടി. സ്വർണ വ്യാപാര സംഘടനകളുമായി ഇന്നലെ നടത്തിയ ചർച്ചയിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
ഈവർഷം ജനുവരി 15 മുതൽ ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കുമെന്നാണ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നത്. പിന്നീടിത് ജൂൺ ഒന്നിലേക്കും നീട്ടി. എന്നാൽ ബിഐഎസ് രജിസ്ട്രേഷൻ നേടാൻ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയാൽ അത് വിപണിയെ പ്രതിസന്ധിയിലാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.
ആറുമാസം കൂടി സാവകാശം വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെട്ടതെങ്കിലും ജൂൺ 15 മുതൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. തീരുമാനം കാര്യക്ഷമമായി നടപ്പാക്കാനായി ബിഐഎസ് ഉദ്യോഗസ്ഥർ, ജുവലറി അസോസിയേഷനുകൾ എന്നിവരുൾപ്പെടുന്ന പ്രത്യേക സമിതിക്കും രൂപംനൽകിയിട്ടുണ്ട്.