കൊറോണ വാക്‌സീൻ രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യമായി നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്ന് ഹൈക്കോടതി

കൊച്ചി: കൊറോണ വാക്‌സീൻ രാജ്യത്തെ പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സീൻ കൊടുക്കണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഫെഡറലിസം ഒക്കെ നോക്കേണ്ട സമയം ഇതല്ലെന്നും കോടതി പറഞ്ഞു.

എല്ലാവർക്കും വാക്സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതി. അതേസമയം, 54,000 കോടി രൂപ ആർ.ബി.ഐ ഡിവെഡന്‍റായി നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്സിനേഷന് വേണ്ടി ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.

നയപരമായ വിഷയമാണ് എന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ മറുപടി. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ‌വാക്‌സീൻ പോളിസിയിൽ മാറ്റം വരുത്തിയതോടെ വാക്‌സീനേഷന്റെ എണ്ണം കുറഞ്ഞു എന്നാണ് ഹർജിക്കാർ ആരോപിച്ചത്.

വാക്സിൻ വിഷയത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയിലും മറ്റ് ഹരജികളിലുമാണ് ഹൈക്കോടതിയുടെ പരാമർശം. എല്ലാവർക്കും സൗജന്യമായി വാക്സിൻ എത്തിക്കണമെന്നും അതിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.