കൊച്ചി: സോഷ്യൽ മീഡിയയിലും മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തന്നെ താരങ്ങൾ.സമൂഹ മാധ്യമങ്ങളിലെല്ലാം അക്കൗണ്ടുള്ള ‘പുത്തൻ തലമുറ’സാമാജികരാണ് ഇരുവരും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലെല്ലാം അക്കൗണ്ടും സ്വന്തം വെബ്സൈറ്റും ഉള്ളവർ ഇവർ മാത്രം. മന്ത്രി സജി ചെറിയാന്, കുട്ടനാട് എം.എല്‍.എ തോമസ് കെ. തോമസ്, എന്നിവര്‍ക്ക് സ്വന്തം വെബ്സൈറ്റ് ഉണ്ടെങ്കിലും ട്വിറ്ററും യൂട്യൂബുമില്ല.
ഉമ്മന്‍ ചാണ്ടിക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ്, വെബ്സൈറ്റ് എന്നിവയൊക്കെ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈല്‍ നമ്പര്‍ ഇല്ല. രണ്ട് എം.എല്‍.എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍ വിലാസമില്ല. ആറ്റിങ്ങലില്‍നിന്ന് ജയിച്ച ഒ.എസ്. അംബികയും ചിറയന്‍കീഴില്‍നിന്ന് ജയിച്ച മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍കൂടിയായ വി. ശശിയുമാണ് സൈബർ വിലാസം ഇനിയും എടുക്കാത്തത്.
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ‘ക്യാപ്റ്റനാണ്’. 13.17 ലക്ഷം പേര് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് ലൈക്ക് ചെയ്തിട്ടുണ്ട്. 15.08 ലക്ഷം പേര് പിന്തുടരുന്നു. രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയാണ്. 12.01 ലക്ഷം പേർ ചെന്നിത്തലക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ‘ഇഷ്ട’ക്കാരാണ്. 12.10 ലക്ഷം പേര് പിന്തുടരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പേജ് 11.01 ലക്ഷം പേരും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പേജ് 7.62 ലക്ഷം പേരും ലൈക്ക് ചെയ്തിട്ടുണ്ട്.
കോട്ടയം ആസ്ഥാനമായ ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഗ്രൂപ്പിൻ്റെ പൊളിറ്റിക്കല്‍ ഗവേഷകവിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികള്‍ നല്കിയ സത്യവാങ്മൂലം അപഗ്രഥിച്ചാണ് പഠനം നടത്തിയത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും യൂട്യൂബിലും സംസ്ഥാന രാഷ്ട്രീയ നേതാക്കള്‍ സജീവമാകുമ്പോഴും ചിലര്‍ക്ക് ഇപ്പോഴും ആ വഴിയിൽ അത്ര പരിചയം പോര. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് പലരും ആക്ടിവായത്. കൊറോണയാണ് എം.എല്‍.എമാരെ സമൂഹ മാധ്യമങ്ങളിലേക്ക് തിരിച്ചതെന്നും ഗവേഷണത്തില്‍ വ്യക്തമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മലമ്പുഴ മണ്ഡലത്തിലെ എ. പ്രഭാകരന്, പത്തനാപുരത്തെ കെ.ബി. ഗണേഷ്കുമാര്, കണ്ണൂരില്‍നിന്ന് ജയിച്ച മുന്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍, രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വെരിഫൈഡ് അക്കൗണ്ട് ഫേസ്ബുക്കിലുണ്ട്. കെ.ബി. ഗണേഷ്കുമാറിൻ്റെ പേരിലും ഫേസ്ബുക്ക് പേജ് ഉണ്ടെങ്കിലും പക്ഷേ ഇത് ഔദ്യോഗികമല്ല. വെരിഫൈഡ് അടയാളവുമില്ല.
140ല്‍ 137 എം.എല്‍.എമാര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടും 64 എം.എല്‍.എമാര്‍ക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുമുണ്ട്. 17 എം.എല്‍.എമാര്‍ക്കാണ് ട്വിറ്റര്‍ അക്കൗണ്ടുള്ളത്. ഇവര്‍ സ്ഥിരമായി ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാറുമുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ.