തിരുവനന്തപുരം: സംസ്ഥാനത്ത് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ തീപിടുത്ത സാധ്യതയുണ്ടെന്നാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കൊറോണ രോഗികള്‍ ചികില്‍സയിലുള്ള എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ കാന്റീനില്‍ തീപിടുത്തമുണ്ടായി വലിയ അപകടമൊഴിവായിരുന്നു. ഇതേതുടര്‍ന്നാണു സംസ്ഥാന ഫയര്‍ ആന്റ് സേഫ്റ്റി വകുപ്പ് പരിശോധന നടത്തിയത്.
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലാണ് നിയമലംഘനങ്ങള്‍ ഏറെയും. പരിശോധനയില്‍
തിരുവനന്തപുരത്തു മാത്രം 65 ആശുപത്രികള്‍ക്ക് ഫയര്‍ സേഫ്റ്റി എന്‍.ഒ.സി. ഇല്ലെന്നു കണ്ടെത്തി. കോട്ടയത്തു 37, തൃശൂരില്‍ 27, കൊല്ലത്തു 25 ആശുപത്രികള്‍ നിയമം ലംഘിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പരിശോധനയില്‍ വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
പഴയ ആശുപത്രികളിലാണു കൂടുതല്‍ നിയമലംഘനം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. തീപിടുത്തമുണ്ടായാല്‍ രോഗികളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം പലയിടത്തുമില്ലെന്നും പരിശോധനാ സംഘം കണ്ടെത്തി. അഗ്നിശമന സേനയുടെ സേഫ്റ്റി അനുമതിയില്ലാതെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ നിരവധിപ്പേര്‍ താമസിക്കുന്നതു സുരക്ഷിതമല്ലെന്നാണു ഫയര്‍ഫോഴ്സ് ഓഫീസറുടെ റിപ്പോര്‍ട്ട്.
അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആശുപത്രി പോലുള്ള കെട്ടിട സമുച്ചയങ്ങളില്‍ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണു പശ്ചാത്തലത്തിലായിരുന്നു പരിശോധന നടത്തിയത്.
എന്‍.ഒ.സി. വാങ്ങാതെ പ്രവര്‍ത്തിക്കുന്നതും എന്്ഒ.സി. പുതുക്കാത്തതുമായ ആശുപത്രികള്‍ക്കു അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങള്‍ സ്വീകരിക്കാത്തവയ്ക്കുമെതിരേ അടിയന്തര നടപടി എടുക്കാനാണു തീരുമാനം.
അഗ്നി സുരക്ഷാ സൗകര്യമില്ലാതെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതു കുറ്റകരമാണ്. അപകടമുണ്ടായാല്‍, അത്യാസന്ന നിലയിലും മറ്റും കിടക്കുന്ന രോഗികളെ മാറ്റുക ദുഷ്കരമാണ്.