പുതുച്ചേരി: സാഹിത്യ ലോകത്ത് ‘കി രാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതി കി.രാജനാരായണൻ (98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.
1991 ൽ ഗോപാലപുരത്ത് മക്കൾ എന്ന നോവലിലൂടെ സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ജന്മദേശമായ കോവിൽപ്പെട്ടിക്ക് സമീപത്തെ ചുറ്റുമുള്ള വരൾച്ച ബാധിച്ച ഭൂമിയായ കരിസാലിനെ അടിസ്ഥാനമാക്കിയ കഥകളാണ് കി രാ കൂടുതലും എഴുതിയിരുന്നത്.
ചെറുകഥകൾ, നോവലുകൾ, നാടോടികഥകൾ, ലേഖനങ്ങൾ എന്നീ മേഖകളിലെല്ലാം അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പുതുച്ചേരി ലഫ്റ്റണന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.