തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണ കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കൊറോണ സാരോപദേശം എന്നായിരുന്നു വിമർശനങ്ങളിലൊന്ന്.
വേലി തന്നെ വിളവ് തിന്നുന്ന രീതിയെ വിമർശിച്ചും ചിലരെത്തി. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം. ഇത് ശരി വയ്ക്കുന്ന ചിത്രമാണ് പുറത്ത് വന്നതും.
എൽഡിഎഫിന്റെ തുടർഭരണത്തിൽ എകെജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.