നാരദ കൈക്കൂലി കേ​സി​ൽ രണ്ട് മ​ന്ത്രി​മാ​ർ അ​റ​സ്റ്റി​ൽ; മ​മ​ത ബാ​ന​ർ​ജി സി​ബി​ഐ ഓ​ഫീ​സി​ൽ

കോ​ൽ​ക്ക​ത്ത: നാരദ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തരായ രണ്ട് മന്ത്രിമാരടക്കം നാല് തൃണമൂൽ നേതാക്കളെ സി ബി ഐ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി സി ബി ഐ ഓഫീസിലെത്തി. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എം എൽ എ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലുള്ളവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു മമതയുടെ പ്രതിഷേധം. എന്നാൽ മന്ത്രിമാരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി ഫിർഹാദ് ഹക്കിം പറഞ്ഞു. എം എൽ എ എന്ന നിലയിൽ സ്പീക്കറുടെ അനുമതി വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഒമ്പത് മണിയോടെയാണ് ഫിർഹാദ് ഹക്കീമിനെ വീട്ടിൽ നിന്ന് സി ബി ഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ നാല് പേർക്കെതിരെയും അന്വേഷണം നടത്താൻ ഗവർണറാണ് സി ബി ഐക്ക് അനുമതി നൽകിയത്. ഗവർണറുടെ അനുമതി വാങ്ങിയായിരുന്നു എം എൽ എമാരെ സി ബി ഐ അറസ്റ്റ് ചെയ്തത്.

2014ലാണ് തൃണമൂൽ നേതാക്കൾക്കെതിരെ നാരദാ ഒളിക്യമാറ ഓപ്പറേഷൻ നടക്കുന്നത്. ബംഗാളിൽ നിക്ഷേപം നടത്തുന്നതിനായെന്ന വ്യാജേന എത്തിയ മാധ്യമപ്രവർത്തകരിൽ നിന്ന് തൃണമൂൽ നേതാക്കൾ കൈക്കൂലി വാങ്ങുന്നതാണ് ഒളിക്യാമറയിൽ പതിഞ്ഞത്.