ഗാസ: ഇസ്രയേൽ-പാലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ചേർന്ന യുഎൻ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. വെടിനിർത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേലും ഹമാസും ആവർത്തിക്കുന്നത്. യോഗത്തിൽ ഇസ്രയേൽ-പാലസ്തീൻ പ്രതിനിധികൾ പരസ്പരം കുറ്റപ്പെടുത്തി.
മുഴുവൻ സൈന്യത്തെയും ഉപയോഗിച്ച് പാലസ്തീനിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ചെങ്കിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് നിലപാട്.
യുഎൻ യോഗം നടക്കുന്ന സമയത്തും ഇസ്രയേൽ ഗാസയിൽ ആക്രമണം നടത്തി. ഗാസയിലെ വൈദ്യുത വിതരണ ശൃംഖല ഇസ്രയേൽ സേന തകർത്തു. ഇന്നലെ മാത്രം 16 സ്ത്രീകളും 10 കുട്ടികളും അടക്കം 42പേർ കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ മരണസംഖ്യ 197 ആയി.
അതേസമയം ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രയേലും-പാലസ്തീനും സംയമനം പാലിക്കണമെന്നും, പിരിമുറുക്കം കൂട്ടുന്ന നടപടികളിൽ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു.