ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് നാലുദിവസത്തിനുള്ളിൽ സംഭരിക്കാൻ തീരുമാനം. കലക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്.
കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തര നടപടിയെടുക്കാൻ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർമാരെ ചുമതലപ്പെടുത്തി. മില്ലുകളെ കൊണ്ട് നെല്ല് എടുപ്പിക്കാനും തർക്കമുള്ള സ്ഥലങ്ങളിൽ പാടശേഖരസമിതികളുമായി സംസാരിച്ച് സംഭരണം സുഗമമാക്കാനും വേഗത്തിലാക്കാനും അതതു മേഖലയിലെ ഡയറക്ടർമാർ നടപടി സ്വീകരിക്കും. കൃഷി ഓഫിസർമാർ ഇതിനാവശ്യമായ സാഹചര്യമൊരുക്കും. ജില്ലയിൽ 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞതായും ഇനി 4000 മെട്രിക് ടൺ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി സംഭരിക്കാനുള്ളതെന്നും പാഡി മാർക്കറ്റിങ് ഓഫിസർ മായ ഗോപാലകൃഷ്ണൻ യോഗത്തെ അറിയിച്ചു.
900 മെട്രിക് ടൺ നെല്ല് കൊയ്യാനുണ്ട്. പല സ്ഥലങ്ങളിലും തർക്കം പരിഹരിച്ച് നെല്ലെടുക്കാൻ നടപടി തുടങ്ങിയതായും പാഡി മാർക്കറ്റിങ് ഓഫിസർ പറഞ്ഞു. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് വേഗത്തിൽ നെല്ലുസംഭരണം പൂർത്തീകരിക്കാനും കൊയ്യാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണത്തിന് മുൻകൂർ നടപടി സ്വീകരിക്കാനും കലക്ടർ പ്രിൻസിപ്പൽ കൃഷി ഓഫിസർക്കും അസി. ഡയറക്ടർമാർക്കും പാഡി മാർക്കറ്റിങ് ഓഫിസർക്കും നിർദേശം നൽകി.
നിയുക്ത എം എൽ എ മാരായ തോമസ് കെ തോമസ്, എച്ച് സലാം . പ്രിൻസിപ്പൽ കൃഷി ഓഫിസർ അലിനി ആൻറണി, കൃഷി അഡീഷനൽ ഡയറക്ടർമാർ, കൃഷി ഓഫിസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.