പാരീസ് : ലോകമെങ്ങും ഭീതി പരത്തിയ ചൈനയുടെ റോക്കറ്റ് അപകടമുണ്ടാക്കാതെ ഭൂമിയിൽ പതിച്ചെങ്കിലും ബഹിരാകാശ ഭീഷണി അവസാനിക്കുന്നില്ല. അവശേഷിക്കുന്ന ബഹിരാകാശ മാലിന്യങ്ങളില്‍ പലതും വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഒരു സെന്റിമീറ്റര്‍ മുതല്‍ ഒരു മില്ലി മീറ്റര്‍ വരെ വലുപ്പത്തിലുള്ള 12.80കോടി വസ്തുക്കളും ഒരു സെന്റിമീറ്റർ മുതല്‍ പത്ത് സെന്റിമീറ്റർ വരെ വലുപ്പമുള്ള ഒമ്പത് ലക്ഷം വസ്തുക്കളും പത്ത് സെന്റിമീറ്ററിനേക്കാള്‍ വലുപ്പമുള്ള 34,000 ലേറെ മനുഷ്യനിർമിത വസ്തുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുവെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി തന്നെ കണക്കുകൂട്ടുന്നത്.
ഇവയുടെ വലുപ്പം ചെറുതാണെന്നു കരുതി അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും ചെറുതാകുമെന്ന് ധരിക്കരുത്. മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങളില്‍ പലതും ഏതാണ്ട് മണിക്കൂറില്‍ 28,163 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അതായത് ഒരു വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗം. പത്ത് സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു അലൂമിനിയത്തിന്റെ ഭാഗം ബഹിരാകാശത്ത് വെച്ച് പേടകത്തിലോ മറ്റോ ഇടിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതം ഏഴ് കിലോഗ്രാം ടിഎന്‍ടിക്ക് സമമാണ്.
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നും കാലാവധി കഴിഞ്ഞ 2.9 ടണ്‍ ( ഏകദേശം 2630 കിലോഗ്രാം) ഭാരം വരുന്ന ബാറ്ററി ഭൂമിയിലേക്ക് വരുന്നു. ബഹിരാകാശ നിലയത്തിന്റെ നീളന്‍ റോബോട്ടിക് കൈകളാണ് ബാറ്ററികള്‍ പുറത്തേക്ക് എറിയുന്നത്. ഭൂമിയില്‍ നിന്നും ഏതാണ്ട് 265 മൈല്‍ ഉയരത്തില്‍ വെച്ച് പുറന്തള്ളുന്ന ബാറ്ററികള്‍ ഉടന്‍ തന്നെ ഭൂമിയിലേക്കെത്തില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഭൂമിക്ക് തൊട്ടടുത്തുള്ള അന്തരീക്ഷത്തില്‍ കറങ്ങിയതിനു ശേഷമായിരിക്കും അവ താഴേക്ക് പതിച്ച് എരിഞ്ഞില്ലാതാവുക.
രാജ്യാന്തര ബഹിരാകാശ നിലയത്തിന് ഊര്‍ജം നല്‍കുന്ന ബാറ്ററികളുടെ അപ്ഗ്രഡേഷന്‍ നാസ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ബാറ്ററികള്‍ ഉപേക്ഷിക്കുന്ന വിവരവും പുറത്തുവരുന്നത്. കാലാവധി കഴിഞ്ഞ 48 നിക്കല്‍ ഹൈഡ്രജന്‍ ബാറ്ററികൾ മാറ്റി പകരം 24 ലിഥിയം അയണ്‍ ബാറ്ററികളാണ് സ്ഥാപിച്ചിരിക്കുന്നത്. 2016ല്‍ ആരംഭിച്ച ബാറ്ററി മാറ്റുന്ന പ്രക്രിയ നാല് വര്‍ഷത്തോളമാണ് നീണ്ടത്. 2020ലായിരുന്നു അവസാന ഘട്ട ബാറ്ററികള്‍ ഐഎസ്എസിലെത്തിച്ചത്.
ബാറ്ററികള്‍ ഇങ്ങനെ ഭൂമിയിലേക്കെറിഞ്ഞ് നശിപ്പിച്ചുകളയാനായിരുന്നില്ല നാസ നേരത്തെ തീരുമാനിച്ചിരുന്നത്. ജപ്പാന്റെ എച്ച്-II ട്രാൻസ്ഫര്‍ വെഹിക്കിൾ (എച്ച്ടിവി) വാഹനത്തില്‍ ഭൂമിയിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ 2018ലെ സോയുസ് വിക്ഷേപണം പരാജയപ്പെട്ടത് നാസയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. അറ്റകുറ്റ പണികള്‍ക്കും മറ്റുമായുള്ള ഐഎസ്എസിന് പുറത്തെ ബഹിരാകാശ നടത്തങ്ങള്‍ വീണ്ടും പുനക്രമീകരിക്കേണ്ടി വന്നു. ഇതോടെ ബാറ്ററികള്‍ ബഹിരാകാശ നിലയത്തില്‍ നിന്നു താഴേക്കിടാന്‍ തീരുമാനമെടുക്കുകയുമായിരുന്നു.
ഭാരം അടിസ്ഥാനപ്പെടുത്തിയാല്‍ ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തേക്കിടുന്ന ഏറ്റവും വലിയ വസ്തുവാണ് 2,630 കിലോഗ്രാം ഭാരമുള്ള ഈ ബാറ്ററികള്‍. 2007ല്‍ അമോണിയ സര്‍വീസിങ് സിസ്റ്റം ടാങ്ക് ഐഎസ്എസില്‍ നിന്നും പുറത്തേക്കിട്ടിരുന്നു. നേരത്തെ ബഹിരാകാശ നിലയം പുറന്തള്ളിയ ഏറ്റവും ഭാരമേറിയ വസ്തുവും ഇതാണ്.
പരിഹാരമാര്‍ഗ്ഗങ്ങള്‍
വല ഉപയോഗിച്ച് കറങ്ങി നടക്കുന്ന ഇവയെ പിടിച്ച് ഭൂമിയുടെ വായുമണ്ഡലത്തിലേക്കു കൊണ്ടുവരിക എന്നതാണ് ഒരു നിര്‍ദ്ദേശം. അവ കത്തിപ്പോകുമെന്നു കരുതുന്നു. മറ്റൊന്ന് ഹാര്‍പൂണ്‍ പോലെ എന്തെങ്കിലും ഉപയോഗിച്ച് ഇവ ഒന്നൊന്നായി കൊത്തിയെടുത്തു നശിപ്പിക്കുക എന്നതാണ്. സമീപകാലത്ത് പറഞ്ഞുകേട്ട മറ്റൊരു സാധ്യത ലെയ്‌സര്‍ ഉപയോഗിച്ച് ബാഷ്പീകരിക്കുക എന്നതാണ്. പരിഹാരമാര്‍ഗ്ഗം എന്താണെങ്കിലും അതൊരു രാജ്യാന്തര കൂട്ടായ്മയിലൂടെ മാത്രമെ നടത്താനാകൂ.
എന്താണ് സ്‌പെയ്‌സ് ജങ്ക്?
ബഹിരാകാശത്തേക്ക് അയച്ചതും മറ്റുമായ ഉപഗ്രഹങ്ങളുടെയും മറ്റും കഷ്ണങ്ങളാണ് ഇത്. വലുതും ചെറുതുമായ 170 ദശലക്ഷം കഷ്ണങ്ങള്‍ ബഹിരാകാശത്തുണ്ട് എന്നാണ് കണക്ക്. ഇവയില്‍ മിക്കതും മനുഷ്യരുടെ ഓരോ ബഹിരാകാശ ദൗത്യത്തിന്റെയും ബാക്കിപത്രങ്ങളാണ്. ഇതില്‍ റോക്കറ്റുകളുടെ വലിയ കഷ്ണങ്ങള്‍ മുതല്‍ കട്ടിപിടിച്ച പെയ്ന്റിന്റെ കഷണങ്ങള്‍ വരെയുണ്ട്. ഇവയ്‌ക്കൊപ്പം 700 ബില്ല്യന്‍ ഡോളറിന്റെ സ്‌പെയ്‌സ് അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. അപകടകാരികളായ കഷണങ്ങളില്‍, 22,000 എണ്ണം മാത്രമെ കണ്ടെത്തിയിട്ടുള്ളു. ഇവ മണിക്കൂറില്‍ 27,000 മൈല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അപ്പോള്‍ ചെറിയ കഷ്ണങ്ങള്‍ക്കു പോലും സാറ്റലൈറ്റുകളെ നശിപ്പിക്കാനാകുമെന്നു കാണാം. എന്നാല്‍ ബഹിരാകാശത്താകയാല്‍ ഇവയെ ശേഖരിക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ഫലവത്തല്ലെന്നു കാണം. കാന്തമുപയോഗിച്ചും മറ്റും ആകര്‍ഷിച്ചെടുക്കാനുള്ള ശ്രമങ്ങളും ഫലിക്കില്ല.
space-junk
ഹാര്‍പൂണ്‍ ഉപയോഗിച്ചു കൊത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു സാധിച്ചില്ലെങ്കില്‍ ജങ്ക് ദിശമാറി പോകാം. ഈ പ്രശ്‌നം വഷളാക്കിയ രണ്ടു സംഭവങ്ങളാണുള്ളത്. 2009ല്‍ ഇറിഡിയം ടെലികോംസ് സാറ്റലൈറ്റും റഷ്യയുടെ മിലിറ്ററി സാറ്റലൈറ്റ് ആയ കോസ്‌മോസ്-2251മായി കൂട്ടിയിടിച്ചു. മറ്റൊന്ന്, 2007ല്‍ ചൈന ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷിച്ചതാണ്.