ന്യൂഡെല്‍ഹി: ഓക്സിജനു വേണ്ടി സഹായം അഭ്യർഥിച്ച നടനും യൂട്യൂബറുമായ രാഹുൽ വോറ (35) കൊറോണ വൈറസ് ബാധിച്ച് മരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും നാടകകൃത്തുമായ അരവിന്ദ് ഗൗറാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിയിച്ചത്.
രാഹുൽ വോറ നമ്മെവിട്ടു പിരിഞ്ഞു. എന്റെ പ്രിയ കലാകാരൻ ഇനിയില്ല. ഇന്നലെ കൂടെ അദ്ദേഹം നല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിൽ രക്ഷപെടും എന്ന് പറഞ്ഞിരുന്നു. രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. നമ്മൾ ഓരോരുത്തരുമാണ് ഈ മരണത്തിൽ കുറ്റക്കാർ, അരവിന്ദ് ഗൗർ പറഞ്ഞു.
നാല് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ ബാധിച്ച രാഹുൽ വോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്ക് കൊറോണ പോസിറ്റീവാണ്. നാല് ദിവസത്തോളമായി ഡെൽഹിയിൽ ചികിത്സയിലാണ്. എന്നാൽ എന്റെ ആരോഗ്യ സ്ഥിതിയ്ക്ക് യാതൊരു കുറവുമില്ല. ഓക്സിജൻ നിലകുറഞ്ഞു വരുകയാണ്. ഓക്സിജൻ ബെഡ്ഡുള്ള ആശുപത്രി അടുത്തുണ്ടോ, എന്നദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു.
നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത അൺഫ്രീഡമെന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.