മുംബൈ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് റദ്ദാക്കിയ ഐപിഎല്‍ മത്സരങ്ങള്‍ സെപ്റ്റംബറില്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നു. ബയോ ബബിളില്‍ കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ബിസിസിഐയും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലും നിര്‍ബന്ധിതരായത്.
സെപ്റ്റംബറോടെ കൊറോണ വ്യാപനത്തിന് ശമനമുണ്ടായാല്‍ അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ആ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന ബിസിസിഐ അംഗം വ്യക്തമാക്കി.വിദേശ കളിക്കാര്‍ക്ക് എ്ത്തിച്ചേരാന് കഴിഞ്ഞാല്‍ തീര്‍ച്ചയായും സെപ്റ്റംബറില്‍ ബാക്കിയുള്ള മത്സരങ്ങള്‍ നടത്തും, ബിസിസിഐ അംഗം പറഞ്ഞു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എ്ന്നാല്‍ കൊറോണ രൂക്ഷമാകുന്നതിനാല്‍ ടി20 ലോകപ്പിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ.്
മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശ താരങ്ങളെ സുരക്ഷിതമായി തന്നെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കുമെന്നും ബിസിസിഐ അംഗം പറയുന്നു. ഇതിനുള്ള യാത്രാ പദ്ധതികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആവിഷ്കരിക്കും. കളിക്കാരുടെ സുരക്ഷയില്‍ വീട്ടുവീഴ്ച ചെയ്യില്ല. കളിക്കാര്‍ മാത്രമല്ല ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട എല്ലാവരുടേയും സുരക്ഷ ബിസിസിഐക്ക് പ്രധാനമാണെന്നും മുതിര്‍ന്ന ബിസിസിഐ അംഗം പറഞ്ഞു.
ബയോ ബബിളിനുള്ളിലും കൊറോണ പിടിപെട്ടതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത കളിക്കാരായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കൊറോണ പോസിറ്റീവായിരുന്നു. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്കും കൊറോണ സ്ഥിരീകരിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് പരിശീലകന് ലക്ഷ്മിപതി ബാലാജിക്കും രോഗം കണ്ടെത്തി. ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്പുകളില്‍ രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചത്. കൊറോണയെ തുടര്‍ന്ന് ചില വിദേശ താരങ്ങള്‍ മത്സരം ഉപേക്ഷിച്ച് മടങ്ങിയിരുന്നു.