ബംഗ്ലൂരു: സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി രൂക്ഷം. 40000 ലധികം പ്രതിദിന രോഗവ്യാപനവും, 200ലധികം മരണവുമാണ് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വരും ദിവസങ്ങളിൽ രോഗവ്യാപനം കുറഞ്ഞേക്കും എന്നാണ് സംസ്ഥാന ആരോഗ്യവിഭാഗം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചാമരാജ് നഗറിൽ 24 കൊറോണ രോഗികളാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. കൂടാതെ 4 ആശുപത്രികളും ഇന്നലെ ഓക്സിജൻ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
ആശുപത്രികളും ആരോഗ്യ വിദഗ്ധരും ഓക്സിജന്റെ ദൗർലഭ്യം ഉയർത്തിക്കാട്ടാനും ആവർത്തിച്ചുന്നയിക്കാനും ആരംഭിച്ചിട്ട് രണ്ടാഴ്ചയിലേറെയായി. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ട മാർഗ്ഗങ്ങൾ സർക്കാർ സ്വീകരിച്ചില്ല എന്ന കടുത്ത വിമർശനമാണ് കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും ആരോഗ്യമന്ത്രി കെ സുധാകറും നേരിടുന്നത്.
എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ മരണങ്ങളും ഓക്സിജന്റെ അഭാവം മൂലമല്ലെന്നും, മറ്റു രോഗങ്ങൾ കൊണ്ടാണെന്നും ചാമരാജ നഗർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. മരിച്ചവരിൽ ചിലർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി ജില്ലാ ആശുപത്രി ഡയറക്ടറും അറിയിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.