മോസ്കോ: മൃഗങ്ങൾക്ക് വേണ്ടിയുള്ള ആദ്യ കൊറോണ വാക്‌സിൻ നിർമ്മിച്ചുകൊണ്ട് റഷ്യ ചരിത്രത്തിലേക്ക്. മൃഗങ്ങൾക്ക് വേണ്ടിയുള്ള കൊറോണ വാക്‌സിൻ റഷ്യ വികസിപ്പിച്ചെടുക്കുന്നത് കഴിഞ്ഞ മാർച്ചിലാണ്. പട്ടി, നീർനായ, കുറുക്കൻ എന്നിവയിൽ പരീക്ഷണം നടത്തി വിജയിച്ച വാക്‌സിൻ വൈറസ് പ്രതിരോധിക്കാനുള്ള ആന്റിബോഡി സൃഷ്ടിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.
വാക്‌സിൻ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായി മരുന്നുനിർമ്മാതാക്കൾ അറിയിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് വൈറസ് പടരുന്നതിന്ന് സാധ്യതയുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. തുടർന്നാണ് ഇത്തരം വാക്‌സിൻ വികസിപ്പിച്ചെടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും റഷ്യൻ മരുന്നുനിർമ്മാതാക്കൾ അറിയിച്ചു.
വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിന്നും വൈറസിന്റെ മ്യൂട്ടേഷൻ തടയുന്നതിന്നും വാക്‌സിൻ സഹായകരമാകുമെന്ന് റഷ്യൻ മരുന്നു നിർമ്മാതാക്കൾ അവകാശപ്പെടുന്നു. റഷ്യയുടെ പലപ്രദേശങ്ങളിലും വിതരണംചെയ്യാൻ വാക്‌സിൻ തയ്യാറെടുത്തുകഴിഞ്ഞു.
ജർമ്മനി, ഫ്രാൻസ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ വാക്‌സിൻ വാങ്ങുന്നതിന് മുന്നോട്ടുവന്നിട്ടുണ്ടെന്നും റഷ്യ അറിയിച്ചു. മരുന്നിന്റെ രജിസ്‌ട്രേഷൻ നടപടികൾ യൂറോപ്യൻ യൂണിയനിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മരുന്നു നിർമ്മാതാക്കൾ അറിയിച്ചു.പലരാജ്യങ്ങളിൽ നിന്നുമുള്ള ഇരുപതോളം സംഘടനകൾ മൃഗങ്ങൾക്കുവേണ്ടിയുള്ള കൊറോണ വാക്‌സിന് വേണ്ടി രജിസ്‌ട്രേഷൻ സംബന്ധിച്ച ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണെന്നും മരുന്നുനിർമ്മാതാക്കൾ പറഞ്ഞു.