കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ വെട്ടിയെടുത്ത സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളേജിന് സമീപത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടിയിലായവര്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു.

ആര്‍.എസ്.എസ് കാര്യവാഹക് ആയിരുന്ന ഇടവക്കോട് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായിരുന്ന എബിയുടെ കാല് കഴിഞ്ഞ ദിവസമാണ് ഒരു സംഘം ആക്രമികള്‍ വെട്ടിമാറ്റിയത്.
പ്രദേശത്തെ ഇരുപതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അക്രമികളെത്തിയ സാന്‍ട്രോ കാറിന്റെ നമ്പര്‍ ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.

മണ്ണന്തല ചെഞ്ചേരി സ്വദേശി മനോജിന്റെ കാറിലും ബൈക്കുകളിലുമാണ് അക്രമികള്‍ എത്തിയത്. മനോജിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള ഒളിസങ്കേതത്തില്‍ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ശ്രീകാര്യം പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ശ്രീകാര്യം സ്വദേശി സുമേഷ്, മണ്ണന്തല സ്വദേശി മനോജ് , പേരൂര്‍ക്കട സ്വദേശി വിനു കുമാര്‍, കുടപ്പനക്കുന്ന് സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ നാലു പേരും അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.

കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പിടിയിലായവര്‍. ഒന്നാം പ്രതി സുമേഷ് മുന്‍പ് സി.പി.ഐ.എം ഇടവക്കോട് ലോക്കല്‍ കമ്മിറ്റി സാജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. അക്രമം നടത്താന്‍ പ്രതികളെത്തിയ കാറും ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.