സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: ദേശീയ അവാർഡ് നേടിയ ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് (54) അന്തരിച്ചു. കൊറോണ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മൂന്നിന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

‘തേൻമാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് നേടി. മിന്നാരം, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹം അയൻ, കാപ്പാൻ, മാട്രാൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായിരുന്നു.

ഛായാഗ്രാഹകനായ പി.സി. ശ്രീറാമിന്റെ സഹായിയായാണ് കരിയർ തുടങ്ങുന്നത്. സഹ ഛായാഗ്രാഹകനായി ഗോപുര വാസലിലേ, അമരൻ, മീര, ദേവർ മകൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ ജോലി ചെയ്തു. തേന്മാവിൻ കൊമ്പത്ത് എന്ന പ്രിയദർശൻ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്രഛായാഗ്രാഹകനായി.

ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്. സിനിമ വലിയ ഹിറ്റായി മാറിയതോടെ ശങ്കറും ഒപ്പം കൂട്ടി. മുതൽവൻ,ബോയ്സ്, ശിവാജി തുടങ്ങി വമ്ബൻ ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നു. തമിഴ്, തെലുഗു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി 14 ചിത്രങ്ങളിൽ ഛായാഗ്രാഹകനായി ജോലി ചെയ്തു.തന്റെ അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.