കൊറോണ വ്യാപനത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജ്യത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. കൊറോണ വ്യാപനത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കോടതി ചോദ്യം ചെയ്തു. കഴിഞ്ഞ 14 മാസമായി കേന്ദ്രം എന്ത് ചെയ്യുകയായിരുന്നു എന്ന് കോടതി ആരാഞ്ഞു.

ചീഫ് ജസ്റ്റീസ് സഞ്ജിബ് ബാനര്‍ജി, ജസറ്റീസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. ഒരു വര്‍ഷം സമയം ഉണ്ടായിരുന്നിട്ടും വൈകിയ വേളയിലാണ് കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. ഇതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണായത്.

കൊറോണ രണ്ടാം തരംഗത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ബോധവന്മാ രായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലെ ആസൂത്രണത്തിന്റെ കുറവും കോടതി ചൂണ്ടിക്കാട്ടി.

വിദഗ്ദ്ധരുടെ അഭിപ്രായം കേന്ദ്രം ഗൗരവത്തിലെടുത്തില്ല. ഒന്നാം ഘട്ടത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ പന്ത്രണ്ട് മാസക്കാലത്തെ ജാഗ്രതക്കുറവ് വ്യക്തമാണെന്നും ഇത് അത്ഭുതപ്പെ ടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയ്ക്ക് ജനങ്ങളാണ് വില നല്‍കേണ്ടി വരുന്നത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തിതിനേയും കോടതി ചോദ്യം ചെയ്തു.