സിപിഎം നേതാവ് എഎൻ ഷംസീർ എംഎഎയുടെ ഭാര്യ ഡോ.സഹലയുടെ കണ്ണൂർ സർവ്വകലാശാല അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: സിപിഎം നേതാവ് എഎൻ ഷംസീർ എംഎഎയുടെ ഭാര്യ ഡോ.സഹലയെ കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. എച്ച്ആർഡി സെന്‍റർ അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിൽ മെയ് ഏഴു വരെ സ്ഥിരം നിയമനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഡോ.സഹലയെ നിയമിക്കാൻ തിരക്കിട്ട് ഓൺലൈൻ ഇന്റർവ്യൂ നടത്തി നിയമനം നൽ കാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥിനിയായ ഡോ.എംപി ബിന്ദു സമർപ്പിച്ച ഹർജ്ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇക്കാര്യത്തിൽ യൂണിവേഴ്സിറ്റിയുടെ വാദം കേട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിയമന നടപടികൾ നിർത്തിവക്കാൻ ഉത്തരവിടുകയായിരുന്നു.

2020 ജൂണ്‍ 30നാണ് കണ്ണൂർ സർവകലാശാല അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന വിഭാഗമായ എച്ച്ആര്‍ഡി സെന്‍ററില്‍ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിലേക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഭിമുഖത്തിന് ഏപ്രിൽ 16ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഒമ്പതാം തീയതിയാണ് ഉദ്യോഗാർഥികള്‍ക്ക് കത്ത് ലഭിച്ചത്.

മറ്റ് സർവകലാശാകളിൽ യുജിസിയുടെ ഇത്തരം എച്ച്ആര്‍ഡി സെന്‍ററുകളുണ്ട്. അവിടെ ഡയറക്ടര്‍, ജോയിന്‍റ് ഡയറക്ടര്‍ എന്നീ രണ്ട് തസ്തികകള്‍ മാത്രമാണുള്ളത്. അത്തരം തസ്തികളിലേക്കുള്ള നിയമനം സാധാരണ ഡെപ്യൂട്ടേഷന്‍ വഴിയാണ് നടക്കാറുള്ളത്. എന്നാൽ, അസിസ്റ്റ് പ്രഫസർ എന്ന തസ്തികയില്ല. മറ്റ് സർവകലാശാലകളിലില്ലാത്ത ഒരു തസ്തിക കഴിഞ്ഞ വർഷം അനുവദിച്ച് അതിലേക്ക് അഭിമുഖത്തിന് അപേക്ഷ ക്ഷണിക്കുകയാണ് കണ്ണൂർ സർവകലാശാല ചെയ്തത്.

കൂടാതെ, ഒരു തസ്തികയാണ് നിലവിലുള്ളത്. ഇതിലേക്ക് 30 ഉദ്യോഗാർഥികളെയാണ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരു തസ്തികയിലേക്ക് 10 പേരെ ഉൾപ്പെടുത്തിയാണ് സാധാരണ ഇത്തരം നിയമനങ്ങളില്‍ ചുരുക്കപ്പട്ടിക തയാറാക്കാറുള്ളത്. യോഗ്യതാ റാങ്കില്‍ താഴെയുള്ള സഹ്‍ലയെ കൂടി ഉള്‍പ്പെടുത്താനാണ് ചുരുക്കപ്പട്ടികയിൽ 30 പേരെ ഉൾപ്പെടുത്തിയതെന്നാണ് ഉദ്യോഗാർഥികള്‍ ആരോപിക്കുന്നത്.

ഷംസീറിന്റെ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചതായി ഹർജിക്കാരി ആക്ഷേപം ഉന്നയിച്ചിരുന്നു. ഇൻറർവ്യൂവിൽ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ നിയമനം നൽകാവൂ എന്നായിരുന്നു സെന്റർ ഡയറക്ടറുടെ നിർദേശം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഡോ.ബിന്ദു ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ നടപടി.
ഹർജ്ജിക്കാരിക്കുവേണ്ടിസീനിയർ അഭിഭാഷകൻ ജോർജ്പൂന്തോട്ടം ഹാജരായി.