എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കം; ഗവർണർ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ വിശദീകരണം തേടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ എ എൻ ഷംസീർ എംഎൽഎ യുടെ ഭാര്യ ഡോ. സഹാലയ്ക്ക് കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി തിടുക്കത്തിൽ ഓൺലൈൻ ഇൻറർവ്യൂ നടത്തി നിയമനം നൽകാനുള്ള നീക്കത്തിൽ ഗവർണർ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് തിരക്കിട്ടള്ള നിയമന നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്.

കണ്ണൂർ സർവ്വകലാശാലയിൽ യുജിസിയുടെ എച്ച് ആർ ഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം
തസ്തികയിലേയ്ക്ക് 30 പേരെ ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്. പ്രസ്തുത സെൻററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ചു് താൽക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാൻ സർക്കാർ കണ്ണുർ സർവകലാശാലയ്ക്ക് മാത്രമായി കഴിഞ്ഞ വർഷം പ്രത്യേക അനുമതി നൽകിയിരുന്നു.

ഷംസീറിന്റെ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇൻറർവ്യൂവിൽ അക്കാദമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്റർവ്യൂ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാവുമെന്നത് വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു.

സെന്റർ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കേ ഓൺലൈൻ ഇന്റർവ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ,സെക്രട്ടറി എം ഷാജർഖാൻ എന്നിവർ
ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.