കൊച്ചി: സ്വർണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ്. വിസ്മയവും കൗതുകവും പ്രക്യതി സ്നേഹികൾക്ക് സന്തോഷവും. വംശനാശ ഭീഷണി നേരിടുന്ന പൊന്നുടുമ്പിനെ കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിലെ കുഴിക്കാട്ടുകുന്ന് ഭാഗത്ത് വീട്ടുവളപ്പിലാണ് കണ്ടെത്തിയത്. പൊന്നുടുമ്പിന്റെ കുഞ്ഞിനെയാണ് കണ്ടെത്തിയത്.
വെട്ടിക്കാട്ടുപാറ കുമ്പളവേലിൽ രാജുവിന്റെ വീട്ടുവളപ്പിൽ വച്ചിരുന്ന പാത്രത്തിൽ കയറിയ നിലയിലായിരുന്നു 20 സെന്റീമീറ്റർ നീളമുള്ള പൊന്നുടുമ്പിൻകുഞ്ഞ്. വനംവകുപ്പ് അധികൃതർ നിർദേശിച്ചതനുസരിച്ച് രാജു അതിനെ അടുത്തുള്ള പൊന്തക്കാട്ടിൽ തുറന്നു വിട്ടു.
സ്വർണ നിറമുള്ള പുള്ളികളും വരകളും നിറഞ്ഞ പൊന്നുടുമ്പ് വളരുമ്പോൾ നിറം മങ്ങി തവിട്ടുനിറമാകും. ഗോൾഡൻ മോനിറ്റർ ലിസാർഡ്, ബംഗാൾ മോനിറ്റർ ലിസാർഡ് എന്നൊക്കെ അറിയപ്പെടുന്ന ഈ ഇനം ഉടുമ്പുകൾ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. പാമ്പിന്റെ മുട്ടകളാണ് ഇവയുടെ ഇഷ്ട ഭക്ഷണം.