മോഷ്ടിച്ച കൊറോണ വാകിസന്‍ തിരികെ ഏല്‍പ്പിച്ച് കള്ളന്‍ ; മോഷണം വാക്‌സിന്‍ എന്നറിയാതെയെന്ന് ക്ഷമാപണം

ഛണ്ഡിഗഡ്: മോഷ്ടിച്ച ബാഗില്‍ കൊറോണ വാകിസനാണെന്ന് അറിഞ്ഞതോടെ കള്ളന്‍ പോലും ഉത്തരവാദിത്വം ഉള്ളവനായി. ഹരിയാനയിലെ ജിന്ദില്‍ നിന്നാണ് ഇത്തരമൊരു സംഭവം പുറത്തു വരുന്നത്.1700 ഡോസ് കൊറോണ വാക്‌സിന്‍ അടങ്ങിയ ബാഗാണ് കള്ളന്‍ മോഷ്ടിച്ചത്.

ബാഗില്‍ വാക്‌സിനാണെന്ന് അറിഞ്ഞതോടെ അത് ഭദ്രമായി തിരികെ വയ്ക്കാനും സന്മനസുള്ള കള്ളന്‍ തയ്യാറായി. വെറുതെ ബാഗ് വച്ച് മടങ്ങുകയായിരുന്നില്ല കള്ളന്‍ ചെയ്തത്. ഒപ്പം ഒരു ക്ഷാമപണ കുറിപ്പും ഉണ്ടായിരുന്നു. കള്ളന്റെ കുറിപ്പ് ഇങ്ങിനെ ‘ ക്ഷമിക്കണം എനിക്ക് അറിയില്ലായിരുന്നു ഇതിനുള്ളില്‍ കൊറോണ വാക്‌സിനായിരുന്നു വെന്ന് ‘.

കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ അടങ്ങിയതായിരുന്നു ബാഗ്. ജിന്ദ് ജറല്‍ ആശുപത്രിയില്‍ നിന്നുമായിരുന്നു ഇത് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനിടെ കള്ളന്‍ പൊലീസ് സ്റ്റേഷന് തന്നെ സമീപത്തുള്ള കടയില്‍ ബാഗ് ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു.

പൊലീസിന് ഭക്ഷണം എത്തിക്കുന്ന ആളാണ് എന്നും സമയക്കുറവ് മൂലം കടയില്‍ ഏല്‍പ്പിക്കുന്നതെന്നും ആണ് കള്ളന്‍ കട ഉടമസ്ഥനെ അറിയിച്ചത്. വാക്‌സിന്‍ അടങ്ങിയ ബാഗ് തിരികെ ലഭിച്ചെങ്കിലും കള്ളനെ വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും അനേഷിച്ച് കണ്ടെത്തുമെന്നുമാണ് പൊലീസ് നിലപാട്.