ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിലേക്ക്; അഭ്യൂഹം ശക്തമായി

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിലേക്കെന്ന് അഭ്യൂഹം ശക്തമായി.
‘കൊറോണ ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല’– ഇങ്ങനെയൊരു കുറിപ്പു വന്നതോടെ ചെറിയാൻ ഫിലിപ്പ് ഇടതു ബന്ധം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ ചർച്ചകൾ സജീവമായി.വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ലെന്നു സമൂഹ മാധ്യമത്തിൽ സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ് വന്നതോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തുമെന്നാണ് അഭ്യൂഹം.

കോൺഗ്രസ് വിട്ടതിൻ്റെ വേദന വ്യംഗ്യമായി പരാമർശിച്ച് ചെറിയാൻ ഫിലിപ്പ് കഴിഞ്ഞ ദിവസം കുറിപ്പ് പുറത്തുവിട്ടിരുന്നു. കോൺഗ്രസിലേക്കു ചെറിയാൻ ഫിലിപിനെ സ്വാഗതം ചെയ്തും രൂക്ഷമായി പരിഹസിച്ചുമായിരുന്നു കഴിഞ്ഞ ദിവസം വീക്ഷണം മുഖപ്രസംഗമെഴുതിയത്. രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും 20 വർഷം രാഷ്ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നായിരുന്നു ചെറിയാന്റെ പ്രതികരണം.

ചെറിയാൻ മുൻനിലപാടിൽ നിന്ന് പിൻമാറുന്നതിന്റെ സൂചനയാണ് ഇന്നത്തെ കുറിപ്പിലുള്ളതെന്നാണ് രാഷ്ട്രീയ തലങ്ങളിലെ ചർച്ച. ബാല്യം മുതൽ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ.കെ. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്നു പിന്നീട് ബോദ്ധ്യപ്പെട്ടതായി ചെറിയാൻ ഫിലിപ്പ് സമൂഹമാധ്യമത്തിൽ നേരത്തെ പ്രതികരിച്ചിരുന്നു.

‘ഇക്കാര്യം ആന്റണിയെയും ഉമ്മൻ ചാണ്ടിയെയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. 1976 മുതൽ 1982 വരെ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്ന ചെറിയാൻ ഫിലിപ്പ് ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നും വ്യക്തമാക്കിയിരുന്നു.