ബല്ലിയ: കൊറോണ രോഗികൾക്കായുള്ള മരുന്നുകളുമായി പോയ ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ പാസ്വാൻ ചൗക് ഗ്രാമത്തിൽ അറുപതോളംപേരടങ്ങുന്ന സംഘം ആക്രമിച്ചു.
കൊറോണ രോഗിയായ ഘൻശ്യാമിനു മരുന്നുമായി പോയവരുടെ വാഹനമാണ് ആക്രമിക്കപ്പെട്ടതെന്നും മെഡിക്കൽ ഓഫീസർ നീരജ് കുമാർ, ഡോ. അമിത് കുമാർ ഗൗതം, ലാബ് അസിസ്റ്റന്റ് ഉപേന്ദ്ര പ്രസാദ്, ഡ്രൈവർ ലാൽ ബഹാദുർ യാദവ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും എഡിജിപി സഞ്ജയ് യാദവ് പറഞ്ഞു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം അക്രമത്തിനു മുൻനിരയിലുണ്ടായിരുന്നുവെന്ന് എഡിജിപി പറഞ്ഞു. സംഭവത്തിൽ ജിതേന്ദ്ര എന്നയാളെ ബൈരിയ പോലീസ് അറസ്റ്റ് ചെയ്തു.